മൂന്ന് വര്‍ഷം മുൻപ് മാത്രമാണ് ഇപ്പോഴത്തെ ഉടമസ്ഥൻ വീട് വാങ്ങിയത്. ഇദ്ദേഹം ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ്
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈനിൽ നിന്ന് വൻ കുടിവെള്ള മോഷണം. പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് പോകുന്ന പ്രധാന പൈപ്പിൽ നിന്നാണ് അനധികൃത വെള്ളമൂറ്റൽ കണ്ടെത്തിയത്. നഗരമധ്യത്തിലെ സ്വകാര്യ കെട്ടിടത്തിലെത്തിലെ വാട്ടര്‍ മീറ്റര്‍ അറ്റകുറ്റപ്പണിക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കുടിവെള്ള മോഷണം തെളിഞ്ഞത്.
തലസ്ഥാന നഗര മധ്യത്തിൽ വെള്ളയമ്പലം ആൽത്തറ നഗറിലാണ് സംഭവം. വാട്ടര്‍ അതോറിറ്റി അധികൃതർ കുടിവെള്ളം ഊറ്റുന്നത് കണ്ടെത്തിയത്. കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്ന്, കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാനാണ് ഉദ്യോഗസ്ഥരെത്തിയത്. പ്രധാന ലൈനിൽ നിന്ന് പ്രത്യേക കണക്ഷൻ കെട്ടിടത്തിലേക്കുള്ളതായി കണ്ടെത്തിയത്. പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് വെള്ളം പോകുന്ന 200 എംഎം കാസ്റ്റ് അയൺ പൈപ്പ് തുരന്നാണ് വെള്ളം ഊറ്റിയത്. കാലപ്പഴക്കമുള്ള ലൈനായതിനാൽ ഇപ്പോൾ പൈപ്പ് ലൈൻ കടന്ന് പോകുന്ന വഴിയിലാകെ വീടുകളും കെട്ടിടങ്ങളുമുണ്ട്.
മൂന്ന് വര്‍ഷം മുൻപ് മാത്രമാണ് ഇപ്പോഴത്തെ ഉടമസ്ഥൻ വീട് വാങ്ങിയത്. ഇദ്ദേഹം ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ്. എപ്പോൾ മുതലാണ് വെള്ളം ഊറ്റി തുടങ്ങിയതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും കണ്ടെത്താനായില്ല. ഏതായാലും ഇത്തരം അനധികൃത കണക്ഷൻ ഇനിയും ഉണ്ടാകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ആൽത്തറ ലൈനിലും തൊട്ടടുത്ത് പൈപ്പ് കടന്ന് പോകുന്ന മറ്റ് റോഡുകളിലും എല്ലാം പരിശോധന വ്യാപകമാക്കാനാണ് വാട്ട്‍ അതോറിറ്റി തീരുമാനം.
