തിരുവനന്തപുരം: തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കല്ലടയാറിലേക്ക് ജലം തുറന്നു വിടുമെന്ന് കെഐപി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അണക്കെട്ടിൽ നിന്നുള്ള വൈദ്യുതോത്പ്പാദന സമയത്തിൽ വർധനവ് വരുത്തിയാണ് അധിക ജലം കല്ലടയാറിലേക്ക് ഒഴുക്കി വിടുക. ഓഗസ്റ്റ്  29-നു വൈകിട്ട് ആറ് മണി മുതൽ തുടർച്ചയായി 28 മണിക്കൂർ നേരത്തേക്ക് നദിയിലേക്ക് ജലമൊഴുക്കിവിടാനാണ് തീരുമാനം.

ജലനിരപ്പ് 110 മീറ്ററിൽ ക്രമീകരിക്കേണ്ടതിനായി തുടർന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ജലമൊഴുക്കിവിടും. മഴ തുടരുന്ന സാഹചര്യത്തിൽ നദിയിലെ ജലനിരപ്പ്  ഉയരുവാൻ സാധ്യതയുണ്ട്. നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും നദിയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത  നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.