ഇടുക്കി: വേനൽ കടുത്തതോടെ ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങളെല്ലാം വറ്റിവരണ്ടു. കടുത്ത വരൾച്ച കുടിവെള്ള ക്ഷാമത്തിനൊപ്പം വിനോദസഞ്ചാരത്തിനും തിരിച്ചടിയായിരിക്കുകയാണ്. പ്രളയത്തിൽ ആർത്തലച്ചെത്തി ഭീതിപടർത്തിയ വെള്ളച്ചാട്ടങ്ങൾ ഇന്നില്ല. 

മൂന്നാറിലേക്ക് പോകും വഴിയുള്ള പ്രസിദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടം ഇന്ന് ഓർമ മാത്രമായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും നൂറ് കണക്കിന് സന്ദർശകർ എത്താറുണ്ടായിരുന്ന ഇവിടത്തെ കടകളെല്ലാം പൂട്ടി കച്ചവടക്കാർ സ്ഥലംവിട്ടു. വാളറകുത്തിലെ വെള്ളച്ചാട്ടം നേർത്ത വരയായി മാറി.

ചീയപ്പാറ, വാളറ ഭാഗത്തെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. വെള്ളച്ചാട്ടം പിറവികൊള്ളുന്ന കുളത്തെയാണ് വാളറ ഭാഗത്തെ കുടുംബങ്ങളെല്ലാം കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ബാക്കിയുള്ളവ‍ർ ജലനിധി പദ്ധതിയെയും. ഓഗസ്റ്റിൽ നിരന്തരം ഉരുൾപൊട്ടലുണ്ടായ അടിമാലി വെള്ളച്ചാട്ടവും ഇന്നില്ല. ഈ ഭാഗത്തുണ്ടായിരുന്ന നൂറ് കണക്കിന് നീർച്ചാലുകളും വിസ്മൃതിയിലായി. വരാനിരിക്കുന്ന വേനൽമഴയിലാണ് ഇനി എല്ലാവരുടെയും പ്രതീക്ഷ.