കോഴിക്കോട് താമരശ്ശേരിയിൽ കതിർ കർഷക കൂട്ടായ്മയുടെ വിളവെടുക്കാറായ തണ്ണിമത്തൻ കൃഷി വ്യാപകമായി നശിപ്പിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ഈ അതിക്രമത്തിന് പിന്നിൽ വന്യമൃഗങ്ങളാണോ സാമൂഹ്യവിരുദ്ധരാണോയെന്ന സംശയത്തിലാണ് കർഷകരും നാട്ടുകാരും.
കോഴിക്കോട്: താമരശ്ശേരിയില്‍ വിളവെടുക്കാറായ തണ്ണിമത്തനുകൾ വ്യാപകമായി നശിപ്പിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കതിര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെയ്ത കൃഷിയാണ്, നശിപ്പിക്കപ്പെട്ടത്. ആരെയും വേദനിപ്പിക്കുന്ന കാഴ്ചയാണ് ഈ പാടത്തേത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ അതിക്രമം നടന്നത്.
ചാമക്കാത്ത് വയലിലാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരുന്നത്. പാകമായ തണ്ണിമത്തനുകളെല്ലാം ചിന്നിച്ചിതറിയ നിലയിലാണ്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളാകാം ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെങ്കിലും ഉറപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കൂട്ടായ്മ അംഗങ്ങള്‍ പറയുന്നു. ഈ പ്രദേശത്തിന് തൊട്ടടുത്തായുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയിരുന്നു. ഇതും നാട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പ്രദേശത്തെ എട്ട് പേര്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് കതിര്‍ രൂപീകരിച്ചത്. അഞ്ച് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷിയാണ് ആദ്യം ആരംഭിച്ചത്. ഈ വര്‍ഷം നെല്ല് വിളവെടുത്ത ശേഷം മുപ്പതോളം ഇനം പച്ചക്കറികളും മറ്റും കൃഷി ചെയ്തു. അതിന് പിന്നാലെയാണ് തണ്ണിമത്തനും കൃഷി ചെയ്തത്. ഇതാണ് രാത്രിയുടെ മറവില്‍ നശിപ്പിക്കപ്പെട്ടത്.


