കുട്ടിക്കൂട്ടങ്ങള്‍ക്കൊന്നും വേണ്ടാതെ വയനാട്ടില്‍ ഒരു ചാമ്പക്കാകാലം കൂടി കടന്നുപോവുകയാണ്. കുഞ്ഞന്‍മരങ്ങളില്‍ ഇലകള്‍ കാണാത്ത വിധം നിറയെ ചുവന്നു തുടുത്തു നില്‍ക്കുമ്പോഴും ആവശ്യക്കാരില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

സുല്‍ത്താന്‍ബത്തേരി: കുട്ടിക്കൂട്ടങ്ങള്‍ക്കൊന്നും വേണ്ടാതെ വയനാട്ടില്‍ ഒരു ചാമ്പക്കാകാലം കൂടി കടന്നുപോവുകയാണ്. കുഞ്ഞന്‍മരങ്ങളില്‍ ഇലകള്‍ കാണാത്ത വിധം നിറയെ ചുവന്നു തുടുത്തു നില്‍ക്കുമ്പോഴും ആവശ്യക്കാരില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വയനാട്ടില്‍ മിക്ക പറമ്പുകളിലും നിറയെ കായ്ച്ചു നില്‍ക്കുന്ന ഒന്നോ രണ്ടോ ചാമ്പമരങ്ങളെങ്കിലുമുണ്ടാകും. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ഷക ഭവനങ്ങളില്‍ അച്ചാറിട്ടും ഉപ്പിലിട്ടുമമെല്ലാം കഴിച്ചിരുന്ന ചാമ്പക്ക പക്ഷേ ഇപ്പോള്‍ ആര്‍ക്കും വേണ്ട എന്നതാണ് സ്ഥിതി. പഴുത്തു പാകമായിട്ടും ആരും പറിക്കാതെ വന്നതോടെ മരത്തിന് ചുവട്ടില്‍ പൊഴിഞ്ഞുവീണ് നശിക്കുകയാണിവ. വെളുപ്പിന്റെ നേര്‍ത്ത രാശിയില്‍ ചുവന്നു തുടുത്ത് ആരെയും ആകര്‍ഷിക്കുന്ന നിറവും ഔഷധഗുണവും എല്ലാ ഉണ്ടായിട്ടും ഒരെണ്ണം പറിച്ചു കഴിച്ചു നോക്കാന്‍ പോലും തിരക്കുപിടിച്ച ജീവിതത്തില്‍ കുട്ടികള്‍ മറന്നുപോകുന്നതായി പ്രായമായവര്‍ പറയുന്നു. 

നാടന്‍ പഴങ്ങളില്‍ നിറയെ ഔഷധഗുണമുള്ള ചാമ്പയുടെ വിപണന സാധ്യതയെന്നത് ഇപ്പോഴും വിദൂരമാണ്. ചാമ്പക്കയുടെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. പ്രമേഹവും കൊളസ്‌ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങൾ ചാമ്പയ്ക്കയി അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ധാരാളം നാരുകടങ്ങിയതിനാല്‍ ദഹനം സുഗമമാക്കുന്നതിനും സഹായകരമാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറക്കുന്നതിനുമെല്ലാം ഈ കുഞ്ഞന്‍ പഴം കഴിക്കുന്നത് നല്ലതാണ്. 

റോസ് ആപ്പിള്‍ എന്ന് കൂടി അറിയപ്പെടുന്ന ചാമ്പക്കയുടെ വയനാട്ടിലെ വിളവെടുപ്പ് കാലം ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. ഇതിനിടെ വേനല്‍മഴയെത്തിയാല്‍ ഇവയൊന്നുപോലും കഴിക്കാന്‍ കഴിയാത്ത വിധം പുഴുക്കള്‍ നിറയാറുണ്ട്. പുളിപ്പും ഒപ്പം മധുരവുമുള്ള ചാമ്പ രണ്ടായി കീറി ഉപ്പിലിട്ട് അല്‍പ്പനേരം വെയില്‍ കൊള്ളിച്ച് കഴിക്കുന്ന രീതി മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ കാലത്ത് ഈ കാഴ്ചകളൊക്കെ തീര്‍ത്തും അന്യമായി. 

Read more: പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് വൺ വിദ്യാർഥിക്ക് പൊലീസ് സ്റ്റേഷനിൽ വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്

ചുവപ്പ്, വെളള, റോസ് എന്നീ നിറങ്ങളില്‍ പല വലിപ്പത്തിലുള്ള ചാമ്പ വയനാട്ടിലുണ്ട്. ഓരോ വര്‍ഷവും നിറയെ കായ്ക്കുമെങ്കിലും ഭൂരിഭാഗവും നിലത്ത് വീണ് നശിച്ചു പോകുകയാണിപ്പോള്‍. എങ്കിലും ഒന്ന് ശ്രദ്ധിച്ചാല്‍ വൈന്‍, ജാം, സ്‌ക്വാഷ്, അച്ചാര്‍ എന്നിവയുണ്ടാക്കി വിപണിയിലെത്തിക്കാനാകും. കുടുംബശ്രീ യൂനിറ്റുകളോ മറ്റു വനിത കൂട്ടായ്മകളോ വിചാരിച്ചാല്‍ ചാമ്പക്കയെ എക്കാലത്തും വിപണിമൂല്യമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞേക്കും. ചക്കയെ പോലെ മികച്ച ഉല്‍പ്പന്നങ്ങള്‍ ചാമ്പക്കയില്‍ നിന്നും നിര്‍മിച്ചെടുക്കാനാകും എന്നാണ് കര്‍ഷകരുടെയും അഭിപ്രായം.