കല്‍പ്പറ്റ: ജില്ലയില്‍ പലപ്പോഴായി ലഭിച്ച മഴയില്‍ ഞാറുകള്‍ ഒരുക്കിയെടുത്തെങ്കിലും തുടര്‍ച്ചയായി മഴ ലഭിക്കാത്തതിനാല്‍ നടീല്‍ ജോലികള്‍ അനിശ്ചിതമായി നീളുകയാണ്. പോയവര്‍ഷം കാര്‍ഷിക മേഖലയാകെ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഈ വര്‍ഷം ആവശ്യത്തിന് പോലും മഴയില്ലാത്ത അവസ്ഥയാണ്. കാര്‍ഷികേതര മേഖലകളില്‍ അനിയന്ത്രിതമായി നടക്കുന്ന പ്രകൃതി നാശമാണ് കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മഴ ഇനിയും ശക്തമാകാത്തതിനാല്‍ ഞാറുകള്‍ മൂപ്പ് കൂടി നശിക്കുമോ എന്ന ആശങ്കയിലാണ് നെല്‍കര്‍ഷകര്‍.

കാട്ടിനുള്ളിലും പലപ്പോഴായാണ് മഴ ലഭിക്കുന്നത്.  ഇത് കാരണം ഇവിടെ നിന്നുത്ഭവിക്കുന്ന തോടുകളില്‍ നേര്‍ത്ത നീര്‍ച്ചാലുകള്‍ മാത്രമാണുള്ളത്. മോട്ടോര്‍ പമ്പുകളോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് വയലിലേക്ക് വെള്ളമെത്തിക്കാനും ഇതിനാല്‍ കഴിയുന്നില്ല. വെള്ളമില്ലാത്തതിനാല്‍ ട്രാക്ടര്‍ ഉപയോഗിച്ചുള്ള നിലമുഴല്‍ ഇതുവരെ തുടങ്ങാന്‍ ആകാത്ത പാടശേഖരങ്ങളും ഉണ്ട്. ചിലയിടങ്ങളിലാകട്ടെ പ്രളയത്തില്‍ നശിച്ച പമ്പ് ഹൗസുകള്‍ ഇതുവരെ പൂര്‍വ്വ സ്ഥിതിയിലാക്കാത്തതും പ്രശ്‌നമായിരിക്കുകയാണ്. 

തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതോടെ ആദിവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ അധികവും കര്‍ണാടകയിലെ ഇഞ്ചിപാടങ്ങളിലേക്ക് തൊഴില്‍ തേടി പോയി. മഴ ലഭിക്കുന്ന സമയങ്ങളില്‍ ഇനി തൊഴിലാളി ക്ഷാമം കൂടി ഉണ്ടാകുമോ എന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവെക്കുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മിക്കയിടങ്ങളിലും കര്‍ഷകര്‍ നെല്‍കൃഷി നിര്‍ത്തിവെക്കാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ പ്രളയവും വരള്‍ച്ചയും ഒരു പോലെ ബാധിച്ച മേഖലയാണ് പുല്‍പ്പള്ളിക്കടുത്ത മുള്ളന്‍കൊല്ലി. നിരവധി കര്‍ഷകര്‍ ഇതിനകം കണക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തതും ഈ മേഖലയിലാണ്. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നുണ്ടെങ്കിലും പ്രതീക്ഷയറ്റ് നില്‍ക്കുകയാണ് കര്‍ഷകര്‍.