ഇന്നലെ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയിൽ കണ്ടെത്തിയത്

കൽപ്പറ്റ: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എൻ എം വിജയൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ഓടിപ്പോയ ജീവനക്കാരൻ കിണറ്റിൽ മരിച്ച നിലയിൽ, രണ്ട് വളര്‍ത്തു നായകള്‍ ചത്തു

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി എന്നതാണ്. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം. റിസോര്‍ട്ടിൽ 12 വര്‍ഷത്തിലധികമായി കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം