Asianet News MalayalamAsianet News Malayalam

'തട്ടുകടയിലെ ഒരാഴ്ചത്തെ ലാഭം, ഓട്ടോ ഓടിയുള്ള വരുമാനം, വീട് വെക്കാൻ ഭൂമി'; ഈ നാട് തോൽക്കില്ല, കൈകോർത്ത് മനുഷ്യർ

ഓട്ടോറിക്ഷ ഡ്രൈവറായ പാലക്കാട് സ്വദേശിനി രാജി ആഴ്ചയിൽ രണ്ട് ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നാണ് ലൈവത്തോണിൽ ഉറപ്പ് നൽകിയത്. വയനാട് പഴയ രീതിയിലെത്തും വരെ ആഴ്ചയിൽ രണ്ട് ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് രാജി പറഞ്ഞു.

wayanad landslide asianet news viewers support livethon to Rebuild wayanad
Author
First Published Aug 5, 2024, 12:03 AM IST | Last Updated Aug 5, 2024, 12:03 AM IST

തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട് ഉള്ള് പൊട്ടിയ മനുഷ്യര്‍ക്ക് കൈത്താങ്ങായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവത്തോണിലേക്ക് സഹായ ഹസ്തവുമായി പ്രേക്ഷകർ. കേരളത്തെ തീരാനോവിലാക്കിയ വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് കൈത്താങ്ങായി സിനിമാ താരങ്ങളും വ്യവസായികളുമെല്ലാം സഹായ ഹസ്തം നീട്ടിയപ്പോൾ സാധാരണക്കാരായ നിരവധി പ്രേക്ഷകരും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് വയനാടിനായി നൽകാമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് ഉറപ്പ് പറയുന്നു. രണ്ട് കുടുംബങ്ങൾക്കായി 10 സെന്‍റ് സ്ഥലം വീട് വെക്കാനായി നൽകുമെന്ന് ഭിന്നശേഷിക്കാരാനായ കാസർകോട് സ്വദേശിയായ കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. കുഞ്ഞുമോന്‍റെ ഭാര്യയും കുഞ്ഞും ഭിന്നശേഷിക്കാരാണ്.

കുഞ്ഞുമോനെ പോലെനിരവധി സാധാരണ മനുഷ്യരാണ് ലൈവത്തോൺ പരിപാടിയിലേക്ക് കരുണയുടെ ഹസ്തം നീട്ടിയത്. തന്‍റെ വീടിനടുത്തുള്ള സ്ഥലത്ത് വയനാട്ടിൽ നിന്നുള്ള രണ്ട് പേർക്ക് വീട് വയ്ക്കാമെന്ന് കുഞ്ഞുമോൻ പറഞ്ഞു. തന്‍റെ ഏകെ വരുമാന മാർഗ്ഗമായ തട്ടുകടയിലെ ഒരാഴ്ചത്തെ ലാഭം വയനാടിനായി നൽകാമെന്നാണ് ശാസ്താംകോട്ട സ്വദേശി അനു ശാന്തന്‍റെ  വാക്ക്. ഭൂമിയും വീടും നഷ്ടപ്പെട്ട 4 കുടുംബങ്ങൾക്കായി 20 സെന്‍റ് സ്ഥലം നൽകാമെന്ന് വയനാട്ടുകാരി അജിഷ ഹരിദാസ് പറഞ്ഞു. കെഎസ്എഫ്ഇ ജീവനക്കാരിയാണ് അജിഷ. 

ഓട്ടോറിക്ഷ ഡ്രൈവറായ പാലക്കാട് സ്വദേശിനി രാജി ആഴ്ചയിൽ രണ്ട് ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നാണ് ലൈവത്തോണിൽ ഉറപ്പ് നൽകിയത്. വയനാട് പഴയ രീതിയിലെത്തും വരെ ആഴ്ചയിൽ രണ്ട് ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് രാജി പറഞ്ഞു. വയനാട്ടിൽ ഒറ്റപ്പെട്ടുപോയ അഞ്ചോ ആറോ പേരെ തന്‍റെ വീട്ടിൽ പുനരധിവസിപ്പിക്കാനാകുമെന്ന് എറണാകുളം സ്വദേശിയായ ഭാവദാസ് പറയുന്നു. സർക്കാരുമായി ചേർന്ന് 5 കോടിയുടെ പുനരധിവാസ പാക്കേജ്  നടപ്പാക്കുമെന്ന് ലയൺസ് ക്ലബ് അറിയിച്ചപ്പോൾ  ഉറ്റവരെ നഷ്ടപ്പെട്ട അനാഥരായ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാമെന്ന് ആലപ്പുഴ സ്വദേശിനി നിജിന ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. ഈ നാട് തോൽക്കില്ലെന്ന് ഉറപ്പിക്കുകയാണ് വയനാടിനെ പിടിച്ചുയർത്താനെത്തുന്ന നന്മ വറ്റാത്ത മനുഷ്യർ.

വീഡിയോ സ്റ്റോറി കാണാം

Read More : ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണം; ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം

Latest Videos
Follow Us:
Download App:
  • android
  • ios