Asianet News MalayalamAsianet News Malayalam

മകൾ മരിച്ചപ്പോൾ ദീപ പണി നിർത്തി; ദുരിതമുണ്ടായപ്പോൾ വളയം പിടിച്ചു, വീണ്ടും ആംബുലൻസ് ഡ്രൈവറായി യുവതി

എന്നാൽ വയനാട്ടിൽ വൻ ദുരന്തം ഉണ്ടായപ്പോൾ വീട്ടിലിരിക്കാൻ ദീപയ്ക്കായില്ല. അവർ ദുരന്തമുഖത്തേക്ക് ഓടിയെത്തുകയായിരുന്നു. മേപ്പാടിയിലെ മോർച്ചറിയിൽ ദിവസങ്ങളോളമായി ദീപ ആംബുലൻസ് ഓടിക്കുകയാണ്. 

wayanad landslides deepa joseph  One of the first woman ambulance drivers in Kerala
Author
First Published Aug 8, 2024, 9:33 AM IST | Last Updated Aug 8, 2024, 11:54 AM IST

കോഴിക്കോട്: കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർമാരിലൊരാളായ കോഴിക്കോടുകാരി ദീപ ജോസഫ് ഏതാനും മാസമായി ആംബുലൻസ് ഓടിക്കുന്നുണ്ടായിരുന്നില്ല. കാൻസർ ബാധിച്ച് മകൾ മരിച്ചതോടെയാണ് ദീപ ആംബുലൻസ് ഓടിക്കുന്നത് മതിയാക്കിയത്. മകളുടെ മരണം വിഷാദരോഗത്തിലേക്ക് വരെ എത്തിച്ചു. എന്നാൽ വയനാട്ടിൽ വൻ ദുരന്തം ഉണ്ടായപ്പോൾ വീട്ടിലിരിക്കാൻ ദീപയ്ക്കായില്ല. അവർ ദുരന്തമുഖത്തേക്ക് ഓടിയെത്തുകയായിരുന്നു. മേപ്പാടിയിലെ മോർച്ചറിയിൽ ദിവസങ്ങളോളമായി ദീപ ആംബുലൻസ് ഓടിക്കുകയാണ്. 

മകൾ രക്താർബുദം ബാധിച്ച് ആറുമാസം മുമ്പാണ് മരിച്ചത്. പിന്നീട് ആംബുലൻസ് ഓടിയ്ക്കാൻ ദീപയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ദുരന്തമുണ്ടായപ്പോൾ ദീപ ജോസഫ് ഓടിയെത്തി. വടകര എംവിഡിയായ അജീഷ്സാറാണ് ഒരു ഫ്രീസറും ആംബുലൻസും വേണമെന്ന് ആവശ്യപ്പെട്ട് വിളിക്കുന്നതെന്നും ചൊവ്വാഴ്ച്ച രാത്രി ഇവിടെയെത്തിയെന്നും ദീപ ജോസഫ് പറയുന്നു. പിന്നീട് ഇവിടെ കണ്ട കാഴ്ച്ചകൾ ഭീകരമായിരുന്നു. ശരീരഭാ​ഗങ്ങൾ മാത്രമാണ് പലപ്പോഴും എത്തിയിരുന്നതെന്നും ദീപ പറയുന്നു. ഏറ്റവും ദയനീയ അവസ്ഥയായിരുന്നു വരുന്ന മൃതദേഹങ്ങൾ മക്കളുടേതാകണേ എന്ന് പറഞ്ഞുവരുന്നവരുടെ കാഴ്ച്ചയെന്നും ദീപ പറയുന്നു. 

കയ്യിലെ ​ഗ്ലൗസ് പോലും അഴിക്കാൻ സമയം കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ഭക്ഷണം കഴിച്ചിരുന്നത് പോലും മറ്റുള്ളവർ വായിൽ വെച്ചു തന്നായിരുന്നു. എത്ര ദിവസം വേണമെങ്കിലും ജോലി ചെയ്യാൻ തയ്യാറാണ്. കഴിഞ്ഞ അഞ്ചു ദിവസം ഞാനെൻ്റെ മകളെ മറന്നുപോയിരുന്നു. ഒരു മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിന്റെ അപ്പുറമായിരുന്നു എന്റെ വേദന. മകൻ പഠിക്കാൻ പോയി കഴിഞ്ഞാൽ ഞാൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇതെന്റെ ജീവിതത്തിന്റെ ആഘാതം കൂട്ടി. എന്നാൽ ഈ ഓട്ടപ്പാച്ചിലിനിടെ ഞാനെല്ലാം മറന്നുവെന്നും ദീപ പറഞ്ഞുവെക്കുന്നു. ഇനിയെത്ര ദിവസം വേണമെങ്കിലും ജോലി ചെയ്യാൻ തയ്യാറാണെന്നാണ് ദീപ ജോസഫും ആംബുലൻസ് ഡ്രൈവർമാരായ മറ്റുള്ളവരും പറയുന്നത്. 

കൂടത്തായി കേസ്; ജോളിയുടെ ഭര്‍ത്താവിന്റെ വിസ്താരം കഴിഞ്ഞു, ആ മൊഴിയിൽ ഉറച്ച് ഷാജു, 'ജോളി എല്ലാം പറഞ്ഞിരുന്നു'

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios