തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ കേട്ട പരാതി വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം എന്നുള്ളതാണ്. മണ്ഡലത്തിലുള്‍പ്പെടുന്ന പുല്‍പ്പള്ളി, വാകേരി, വടക്കനാട്, മുത്തങ്ങ, പഴൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.  

കല്‍പ്പറ്റ: വയനാട്ടിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ വര്‍ഷങ്ങളായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് മാറി മാറി വരുന്ന സര്‍ക്കാരുകളുള്ളത്. പതിവില്ലാതെ ഇത്തവണ എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തിലേറിയപ്പോള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വന്യമൃഗശല്യത്തിന് സ്ഥിരമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കര്‍ഷകര്‍ അടക്കമുള്ള നാട്ടുകാര്‍. 

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സുല്‍ത്താന്‍ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഏറ്റവും കൂടുതല്‍ കേട്ട പരാതി വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം എന്നുള്ളതാണ്. മണ്ഡലത്തിലുള്‍പ്പെടുന്ന പുല്‍പ്പള്ളി, വാകേരി, വടക്കനാട്, മുത്തങ്ങ, പഴൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഐ.സി. ബാലകൃഷ്ണന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരമായി യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. 

ജില്ലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുക, അതാത് പ്രദേശങ്ങളിലേക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക, വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു. പ്രശ്‌നത്തില്‍ ഉടന്‍ അടിയന്തിര പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അദ്ദേഹത്തിന് ഉറപ്പു നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona