കൽപ്പറ്റ: പുൽപ്പള്ളി ചീയമ്പത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവയെ പിടികൂടിയെങ്കിലും പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിൽ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക്  മാറ്റി ഡോക്ടർമാർ പരിശോധിച്ചിരുന്നു. രണ്ട് കൂടുകളാണ് ഇന്നലെ കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവക്ക് ഭക്ഷണം ലഭിക്കാത്തതിനാലാകാം മനുഷ്യരെ ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍.

കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റുമെന്നും വിവരമുണ്ട്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വനം വകുപ്പ് റിക്രൂട്ട് ചെയ്ത വാച്ചർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ ചീയമ്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്‍റെ തലക്ക് പരിക്കേറ്റത്.

പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിച്ചെന്ന നാട്ടുകാ‍‍രുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു പ്രദേശത്താണ് കടുവ വനപാലകരെ ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് പുൽപ്പള്ളി ബത്തേരി റോ‍ഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു.