കല്‍പ്പറ്റ: ദുരിതം പെയ്ത വയനാട്ടില്‍ മഴ ശമിക്കുന്നു. കഴിഞ്ഞ ആറിന് രാത്രിയോടെ തുടങ്ങിയ മഴ ശമനമില്ലാതെ ശനിയാഴ്ച വരെ പെയ്തു. 
വയനാട് ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കിയ മഴ ഇപ്പോള്‍ മാറി നില്‍ക്കുകയാണ്. മാനം ഇടക്കെല്ലാം തെളിയുന്നു. എങ്കിലും ഏത് സമയവും മാറാവുന്ന കാലാവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 150 മില്ലിമീറ്ററിനു മുകളിലായിരുന്നു മഴ.
എന്നാല്‍ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം ജില്ലയിലെ മഴയുടെ ശരാശരി അളവ് 62.07 എം.എം ആണ്.

മാനന്തവാടി താലൂക്കില്‍ 101, വൈത്തിരി 53, സുല്‍ത്താന്‍ ബത്തേരി 32.2 എം.എം എന്നിങ്ങനെയാണ് മഴയുടെ അളവ്. എട്ടാം തിയതി ജില്ലയിലൊട്ടാകെ പെയ്തത് 204.3 എം.എം മഴയായിരുന്നു. ഈ സമയം ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. വൈത്തിരി, മാനന്തവാടി താലൂക്കുകളിലായിരുന്നു നാശനഷ്ടങ്ങള്‍ കൂടുതലും. എട്ടാം തീയ്യതി തന്നെ 73 ദുരിതാശ്വാസ ക്യാമ്പുകളില്‍ 4976 മാറ്റി പാര്‍പ്പിച്ചു. തൊട്ടടുത്ത ദിവസം അതായത് ഒമ്പതിന് മഴയുടെ അളവ് പിന്നെയും വര്‍ധിച്ച് 243.66 എം.എം ല്‍ എത്തി.

മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ പുത്തുമല ഉള്‍പ്പെട്ട വൈത്തിരി താലൂക്കിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ജില്ലയുടെ മൊത്തം മഴയുടെ അളവിലും കടന്ന് ഇവിടെ മാത്രം 285 എം.എം മഴ പെയ്തു. മാനന്തവാടി താലൂക്കില്‍ 243 എം.എം ആയിരുന്നു മഴ. ബത്തേരി താലൂക്കില്‍ 203 എം.എം. മഴയാണ് പെയ്തത്. 167 ദുരിതാശ്വാസ ക്യമ്പുകളിലായി 21211 പേരെ ഈ സമയത്ത് മാറ്റിപ്പാര്‍പ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ബാണസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്.

ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകള്‍ 20 സെന്‍റിമീറ്റര്‍ വീതം തുറന്നു 35.83 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസര്‍വോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുടുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ നിലവില്‍ അനുഭവപ്പെടുന്ന വെള്ളംകെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.