Asianet News MalayalamAsianet News Malayalam

'കുട്ടികളേ പിണങ്ങരുത്, ഇണങ്ങാൻ പിന്നെ സമയം കിട്ടിയെന്ന് വരില്ല'; കണ്ണുനിറഞ്ഞ് വെള്ളാര്‍മലയുടെ ഉണ്ണികൃഷ്ണൻ മാഷ്

പഠിപ്പിച്ച വിദ്യാലയം ഒരു നിമിഷം കൊണ്ടു ഇല്ലാതായ വേദന വിദ്യാർത്ഥികളോട് പറയുമ്പോൾ ഉണ്ണികൃഷ്ണൻ സാറിന്റെ തൊണ്ടയിടറി

Wayanad vellamala school teacher painfully shared the memories of Vellamarmala
Author
First Published Aug 16, 2024, 7:37 PM IST | Last Updated Aug 16, 2024, 7:37 PM IST

അമ്പലപ്പുഴ: താൻ പഠിപ്പിച്ച വിദ്യാലയം ഒരു നിമിഷം കൊണ്ടു ഇല്ലാതായ വേദന വിദ്യാർത്ഥികളോട് പറയുമ്പോൾ ഉണ്ണികൃഷ്ണൻ സാറിന്റെ തൊണ്ടയിടറി. ഒടുവിൽ കുട്ടികൾക്കായി ഒരു ഉപദേശവും. ഒരിക്കലും നിങ്ങൾ പിണങ്ങരുത്. പിണങ്ങിയാൽ പിന്നെ ഇണങ്ങാൻ സമയം കിട്ടിയെന്നു വരില്ല. വയനാട് വെള്ളാർമല ജി വി ഹയർ സെക്കന്‍ഡറി സ്കൂൾ അധ്യാപകൻ ഉണ്ണികൃഷ്ണൻ കാക്കാഴം ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥികളുമായാണ് തന്റെ വേദന പങ്കിട്ടത്. 

അമ്പലപ്പുഴ ആമയിട സ്വദേശിയായ ഉണ്ണികൃഷ്ണൻ 18 വർഷം മുൻപാണ് വെള്ളാർമല വിദ്യാലയത്തിൽ അധ്യാപകനായെത്തിയത്. ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വിദ്യാലയത്തിൽ നിന്ന് വിട്ടുപോകാൻ മണ്ണിനെയും കാടിനെയും പ്രണയിച്ച ഈ അധ്യാപകന് കഴിഞ്ഞില്ല. സ്കൂളിൽ ഹെഡ്മാസ്റ്ററുടെ ചുമതലയാണിപ്പോൾ. ഇതിനിടയിലാണ് ഉരുൾപൊട്ടലിന്റെ രൂപത്തിൽ ദുരന്തം വയനാടിനെ തകർത്തത്.

ഈ ദുരന്തത്തിൽ വെള്ളാർമല സ്കൂളും ഒലിച്ചുപോയി. ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന ഈ വിദ്യാലയം കണ്ണടച്ചു തുറക്കുന്നതിന് മുൻപ് ഇല്ലാതായ ദിവസം ഉണ്ണികൃഷ്ണൻ സാർ അമ്പലപ്പുഴയിലെ തന്റെ വീട്ടിലായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഉണ്ണികൃഷ്ണൻ സാർ വയനാടെത്തിയത്. തന്റെ ജീവന്റെ പാതിയായ വിദ്യാലയമില്ലാതായതിന്റെ വേദനയാണ് ഉണ്ണികൃഷ്ണൻ സാർ കാക്കാഴം ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥികളുമായി പങ്കുവെച്ചത്. 

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പത്ര വാർത്തകൾ സ്കൂൾ ഭിത്തിയിൽ വന്ന വിദ്യാർത്ഥികൾ ഒട്ടിച്ചിരുന്നു. വേദനയോടെ ഉണ്ണികൃഷ്ണൻ സാർ ഇതും നോക്കിക്കണ്ടു. നമുക്ക് കിട്ടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് വിദ്യാർത്ഥികളോടായി ഇദ്ദേഹം പറഞ്ഞു. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. 

സ്വപ്നങ്ങൾ പോലും കാണാൻ കഴിയാതിരുന്ന ഇവിടുത്തെ വിദ്യാർത്ഥികളെ താനും മറ്റ് അധ്യാപകരും ചുരൽ മലക്കപ്പുറം മറ്റൊരു ലോകമുണ്ടെന്ന് കാട്ടിക്കൊടുത്തു. വെള്ളാർമല സ്കൂളിൽ പഠിച്ച ഒരു പെൺകുട്ടി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ എംബിബിഎസിന് പഠിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. 

രാത്രി 3 മണി, മുറ്റത്ത് ആളിപ്പടര്‍ന്ന് തീ, അണയ്ക്കാൻ ശ്രമിച്ചപ്പോൾ ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു, ദുരഹത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios