Asianet News MalayalamAsianet News Malayalam

പ്രജീഷിന്‍റെ നാട്ടില്‍ ഇപ്പോഴും വന്യമൃഗ ശല്യം രൂക്ഷം; ബസ് സര്‍വീസ് മാത്രം വന്നു, ഉറപ്പെല്ലാം അധികാരികൾ മറന്നു

ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ മൂടക്കൊല്ലിയിലും കൂടല്ലൂരിലും വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത് തടയാനായി സര്‍വ്വ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

wayanad village in fear wild animals attack increases
Author
First Published May 24, 2024, 1:27 PM IST

സുല്‍ത്താന്‍ബത്തേരി: ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത മൂടക്കൊല്ലി കൂടല്ലൂരില്‍ പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. പുല്ലരിയുന്നതിനിടെ കാടിറങ്ങിയെത്തിയ കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. പ്രജീഷിന്റെ ദാരുണ മരണത്തെ തുടര്‍ന്ന് വയനാട് അതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. 

വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും രോഷാകുലരായ ജനം റോഡില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ മൂടക്കൊല്ലിയിലും കൂടല്ലൂരിലും വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത് തടയാനായി സര്‍വ്വ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇക്കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നറിയാനാണ് വീണ്ടും മൂടക്കൊല്ലിയിലേക്കും കൂടുല്ലൂരിലേക്കും എത്തിയത്.  

പ്രജീഷിന്റെ വീട്ടിലെത്തി അമ്മയെയും ജ്യേഷ്ഠ സഹോദരന്‍ മജീഷിനെയും കണ്ടു. മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല ആ അമ്മ. ''പ്രദേശത്ത് വന്യമൃഗ ശല്യം കുറഞ്ഞോ'' എന്ന് ചോദിച്ചപ്പോള്‍ മുമ്പുള്ളതിനേക്കാളും വര്‍ധിച്ചുവെന്നായിരുന്നു മജീഷിന്റെ മറുപടി. നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം പൂര്‍ണ്ണമായും ലഭിച്ചെങ്കിലും മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് എത്താതിരിക്കാനുള്ള നടപടികള്‍ ഒന്നും ഇതുവരെയും ചെയ്തിട്ടില്ലെന്ന് മജീഷ് പറയുന്നു. നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസ് ആരംഭിച്ചുവെന്നത് ഒഴിച്ചാല്‍ മറ്റൊരു മാറ്റവും കൂടല്ലൂരിലും മൂടക്കൊല്ലിയിലും ഉണ്ടായിട്ടില്ലെന്ന് യുവാവ് ചൂണ്ടിക്കാട്ടി. 

വീടിന് തൊട്ടടുത്തുള്ള തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നയാളെ പന്നി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കാര്യവും മജീഷ് സൂചിപ്പിച്ചു. മജീഷിനോടും അമ്മയോടും യാത്ര പറഞ്ഞത് കൂടല്ലൂരിന്റെ മൂടക്കൊല്ലിയുടെയും മറ്റു ഭാഗങ്ങളിലേക്ക് ഇറങ്ങി. പ്രജീഷിനെ കടുവ ആക്രമിച്ച സ്ഥലത്തുള്ള വാഴത്തോട്ടത്തിലേക്കെത്തി. അവിടെ ഒരു വാഴ പോലും അവശേഷിപ്പിക്കാതെ അനയിറങ്ങി നശിപ്പിച്ചിരിക്കുകയാണ്.

മതിലും പണിഞ്ഞില്ല വേലിയും വന്നില്ല

പ്രജീഷിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ അധികൃതര്‍ പറഞ്ഞത് പ്രദേശത്ത് പണിത ആന മതില്‍ പൂര്‍ത്തീകരിക്കുമെന്നാണ്. വൈദ്യുതി വേലി ഇല്ലാത്ത ഇടങ്ങളില്‍ അവ സ്ഥാപിക്കുമെന്നും റെയില്‍ ഫെന്‍സിങ് ഉള്ളിടത്ത് അത് പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടും നടന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള ട്രഞ്ചില്‍ നിന്ന് മണ്ണ് കോരി മാറ്റുന്ന പ്രവൃത്തി മാത്രമാണ് ചിലയിടങ്ങളില്‍ നടക്കുന്നതായി കാണാന്‍ കഴിഞ്ഞത്. 

ചാപ്പക്കൊല്ലി മുതല്‍ മൂടക്കൊല്ലി ആനക്കുഴി വരെ പതിനഞ്ച് കിലോമീറ്ററോളം റെയില്‍ ഫെന്‍സിങ് ഉണ്ട്. എന്നാല്‍ ആനക്കുഴി മുതല്‍ കൂടല്ലൂര്‍ വരെ വനാതിര്‍ത്തിയില്‍ മൂന്നുകിലോമീറ്ററോളം ദൂരം തുറന്നു കിടക്കുകയാണ്. ഇതിലൂടെയാണ് ഇപ്പോഴും വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്. പതിനഞ്ച് കിലോ മീറ്ററോളം റെയില്‍വെ ഫെന്‍സിങ് സ്ഥാപിക്കാനും ആനമതിലിനുമായി കോടിക്കണക്കിന് രൂപയാണ് പൊടിച്ചത്. പക്ഷേ തത്വത്തില്‍ ഇതിന്റെ ഗുണം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല. 

പ്രദേശത്ത് നിര്‍മിച്ച കരിങ്കല്‍മതില്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇതും പ്രയോജനകരമായിട്ടില്ല. മതില്‍ പൂര്‍ത്തിയാക്കാനുള്ള ഭാഗത്തെ തൂക്കുവേലിയും തകര്‍ന്ന് കിടക്കുന്നത് കാണാന്‍ കഴിഞ്ഞു. പലയിടങ്ങളിലായി തരിശിട്ടിരിക്കുന്ന കൃഷി ഭൂമികള്‍ കണ്ടു. വന്യമൃഗ ശല്യം അതിരൂക്ഷമായതോടെ കൃഷിയില്‍ നിന്ന് മനസില്ലാമനസോടെ പിന്‍മാറുകയാണ് പലരും. ആനയും കടുവയും പന്നിയും വിഹരിക്കുമ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ മാത്രമായി കൃഷി ചെയ്യേണ്ടി വരികയാണ് ഭൂരിപക്ഷം പേര്‍ക്കും.

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios