'കണ്ണുകൾ ഈറനണിഞ്ഞു, വീൽ ചെയറിലിരുന്ന് മനസുരുകി പ്രാര്‍ഥിച്ചു'; ജെന്‍സണ്‍ യാത്രയായി 41 -ാം നാള്‍ ശ്രുതിയെത്തി
പ്രകൃതി കലിതുള്ളിയ രാത്രിയിൽ കുടുംബം നഷ്ടപ്പെട്ടതിന്റെ മരവിപ്പിൽ നിന്ന് കരകയറും മുമ്പാണ് വിധി വാഹനാപകടത്തിന്റെ രൂപത്തിലെത്തി പ്രിയതമനെയും കവര്‍ന്നത്
കല്‍പ്പറ്റ: ഓര്‍മ്മകളാല്‍ കണ്ണുകള്‍ ഈറനണിയുമ്പോഴും ജന്‍സന്റെ ശവകുടീരത്തിനരികില്‍ വീല്‍ച്ചെയറില്‍ ഇരുന്ന് മനസുരുകി പ്രാര്‍ഥിക്കുകയായിരുന്നു ശ്രുതി. താങ്ങായിരുന്നവനെ എന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ നാല്‍പ്പത്തിയൊന്നാം നാളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ശ്രുതി എത്തിയത്. ആണ്ടൂര്‍ സിഎസ്ഐ പള്ളിയില്‍ ജന്‍സണായി നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ എല്ലാം ശ്രുതി പങ്കെടുത്തു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ രക്ഷിതാക്കള്‍ അടക്കം ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ തീരാസങ്കടങ്ങളില്‍ പ്രിയതമനായ ജന്‍സണ്‍ ആയിരുന്നു താങ്ങായി ഉണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ മാസം കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും-വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജന്‍സണ് ജീവന്‍ നഷ്ടമാകുകയും ശ്രുതിയടക്കമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. കാലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസം ആശുപത്രിയിലും പിന്നീട് വീട്ടിലുമായി വിശ്രമത്തിലാണ് ശ്രുതി. വീല്‍ച്ചെയറിലാണ് ഇന്നത്തെ ചടങ്ങുകള്‍ക്ക് ശ്രുതി എത്തിയത്. വീല്‍ ചെയറിൽ ഇരുന്ന് തന്നെയാണ് പ്രാര്‍ത്ഥന ചടങ്ങുകളിലും മറ്റും അവര്‍ പങ്കെടുത്തത്.
ദുരന്തത്തിന്റെ ഒരു മാസം മുൻപായിരുന്നു അമ്പലവയൽ സ്വദേശിയായ ജൻസനുമായി ചൂരൽമല സ്വദേശിനി ശ്രുതിയുടെ വിവാഹ നിശ്ചയം നടന്നത്. ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും ഒന്നിച്ചായിരുന്നു. പക്ഷെ മഹാദുരന്തത്തിൽ ശ്രുതിക്ക് എല്ലാം നഷ്ടമായി. അച്ഛനും അമ്മയും കൂടപ്പിറപ്പും പുതിയ വീടിനൊപ്പം ഉരുൾ എടുത്തുപോയി. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശ്രുതിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്ന ജെൻസൺ വലിയൊരു ആശ്വാസ കാഴ്ചയായിരുന്നു.
ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് തിരിച്ചുകിട്ടിയത്. കൽപ്പറ്റ എൻ എം എസ് എം ഗവ. കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു സഹോദരി ശ്രേയ. ബന്ധു വീട്ടിലായതിനാൽ മാത്രമാണ് ഉരുൾപൊട്ടലിൽ നിന്ന് ശ്രുതി രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പ്രകൃതി കലിതുള്ളിയ രാത്രിയിൽ കുടുംബം നഷ്ടപ്പെട്ടതിന്റെ മരവിപ്പിൽ നിന്ന് കരകയറും മുമ്പാണ് വിധി വാഹനാപകടത്തിന്റെ രൂപത്തിലെത്തി പ്രിയതമനെയും കവര്‍ന്നത്.
.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം