അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല.
കൊല്ലം: അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. കഴിഞ്ഞ പത്തിനാണ് തടിക്കാട് സ്വദേശികളായ അൻസാരി ഫാത്തിമ ദമ്പതികളുടെ മകനെ കാണാതായത്.
പന്ത്രണ്ട് മണിക്കൂറത്തെ തെരച്ചിലിനൊടുവിൽ വീടിന് ഒരു കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന സംശയമുന്നിയിച്ചു. ഇവരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. രക്ഷിതാക്കളുടേയും ഇവർ സംശയം പറഞ്ഞവരുടേയും മൊഴിയെടുത്തു.
Read more: മാവേലിക്കരയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ
ചിലരുടെ ഫോണ്‍ രേഖകളടക്കം പരിശോധിച്ചെങ്കിലും ഒരു തുന്പും ലഭിച്ചില്ല. പുറത്ത് നിന്നും ആരെങ്കിലും കുട്ടിയുടെ വീട്ടിലെത്തിയതായുള്ള സൂചനകളുമില്ല. പക്ഷേ ഇപ്പോഴും കുട്ടിയെ തട്ടിക്കൊണ്ട് പോയത് തന്നെയെന്ന് വിശ്വസിക്കുകയാണ് രണ്ടരവയസുകാരന്റെ കുടുംബം. ഒരു കിലോമീറ്ററോളം ദൂരമുള്ള ചെങ്കുത്തായ മല രണ്ടര വയസുകാരൻ ഒറ്റയ്ക്കെങ്ങനെ കയറി എന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല. കാര്യമായ പുരോഗതിയില്ലെങ്കിലും അന്വേഷണം തുടരാൻ തന്നെയാണ് അഞ്ചൽ പൊലീസിന്റെ തീരുമാനം.
കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽപ്പന, അച്ഛനും മകനും പിടിയിൽ
കൊച്ചി: ആലുവയിൽ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്‍റെ മോഷണം. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന കന്നുകാലികളിൽ പലതും മടങ്ങിയെത്തിയിരുന്നില്ല. അന്വേഷിച്ച് മടുത്ത നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്.
ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുകയാണ് അറസ്റ്റിലായ ഷെമീർ. പകൽ ഓട്ടോറിക്ഷയിൽ കറങ്ങി മോഷ്ടിക്കേണ്ട ഉരുവിനെ കണ്ടുവയ്ക്കും. തുടർന്ന് രാത്രി മകനുമൊത്ത് എത്തി കാലികളെ പാസഞ്ചർ ഓട്ടോയിൽ കയറ്റി കൊണ്ടുപോകും. നേരെ അറവുശാലയിലെത്തിച്ച് നേരം പുലരുമ്പോഴേക്കും അറുത്ത് ഇറച്ചിയാക്കി വിൽപ്പന തുടങ്ങും. സിസിടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്കെത്തിച്ചത്. പ്രതി മോഷ്ടിച്ച എട്ട് കന്നുകാലികളിൽ ആറെണ്ണത്തെ അറുത്തതായും രണ്ടെണ്ണത്തെ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.
