വി എച്ച് അജാസ് എന്ന സംരംഭകന്റെ നേതൃത്വത്തിൽ ആകെ 50 ജീവനക്കാരാണ് ഈ അക്ഷയ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ അക്ഷയ കേന്ദ്രം എറണാകുളം ജില്ലയിലെ വെങ്ങോല ഗ്രാമപഞ്ചായത്തിലെ അറക്കപ്പടിയിൽ തുറന്നു. ആറായിരം ചതുരശ്രയടിയുള്ള പുതിയ മന്ദിരത്തിലാണ് അക്ഷയ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ നിർവ്വഹിച്ചു. നിലവിൽ അറയ്ക്കപ്പടി ജംഗ്ഷനിൽ പ്രവർത്തിച്ചു വന്നിരുന്ന അക്ഷയ കേന്ദ്രമാണ് വിപുലമായ സൗകര്യങ്ങളോടെ മാവേലി സ്റ്റോറിന് എതിർവശത്തേക്ക് മാറ്റി സ്ഥാപിച്ചത്.
വി എച്ച് അജാസ് എന്ന സംരംഭകന്റെ നേതൃത്വത്തിൽ ആകെ 50 ജീവനക്കാരാണ് ഈ അക്ഷയ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി എൽദോസ്, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ചിഞ്ചു സുനിൽ ആമുഖ പ്രഭാഷണം നടത്തി. അക്ഷയ കേന്ദ്രത്തിലെ ആധാർ സേവ കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം യുഐഡി സ്റ്റേറ്റ് അഡ്മിൻ എൻ ആർ പ്രേമ നിർവഹിച്ചു. ജില്ലയിലെ മുതിർന്ന അക്ഷയ സംരംഭകരെ ചടങ്ങിൽ ആദരിച്ചു.
