പകല്‍ മുറ്റത്തു കൂടെ ഇഴഞ്ഞ് കാര്‍ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ ചേരയാണെന്നാണ് കരുതിയിരുന്നത്. 

മാനന്തവാടി: ചേരയെന്ന് കരുതി വീട്ടുകാര്‍ നിസാരമാക്കിയത് സാക്ഷാല്‍ രാജവെമ്പാലയെ. കാട്ടിക്കുളത്തിനടുത്ത് പനവല്ലിയിലെ വീട്ടില്‍ കാര്‍ പോര്‍ച്ചിലേക്ക് എത്തിയ രാജവെമ്പാലയെയാണ് ചേരയെന്ന് ആദ്യം വീട്ടുകാര്‍ തെറ്റിദ്ധരിച്ചത്. ചേരയായിരിക്കുമെന്ന ധാരണയില്‍ പോര്‍ച്ചില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആദ്യം കണ്ടുകിട്ടിയില്ല. പിന്നീട് കാറിന്റെ ബോണറ്റ് തുറന്ന് പരിശോധന നടത്തിയപ്പോള്‍ ഇവിടെ കുടുങ്ങിയ നിലയിലാണ് രാജവെമ്പാലയെ കണ്ടത്തിയത്. 

പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പകല്‍ മുറ്റത്തു കൂടെ ഇഴഞ്ഞ് കാര്‍ ഷെഡിലേക്ക് കയറിയ പാമ്പിനെ വീട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ ചേരയാണെന്നാണ് കരുതിയിരുന്നത്. തുടര്‍ന്ന് രാത്രിയിലും പാമ്പ് പുറത്ത് വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്പ് പിടുത്തക്കാരന്‍ സുജിത്ത് എന്നയാളെയും വിവരമറിയിച്ചു. ഇതിനകം പാമ്പ് ബോണറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഫോട്ടോ വീട്ടുകാര്‍ സുജിത്തിന് അയച്ചു കൊടുത്തിരുന്നു.

ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസ്സിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ കാറില്‍ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സുജിത്ത് പാമ്പിനെ പുറത്തെടുത്തത്. രാജവെമ്പാലയെ പിന്നീട് വനമേഖലയില്‍ തുറന്നു വിട്ടു.

ഏഴ് വയസുകാരിയെ പീഡിപ്പിച്ചു, പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി, പ്രതിക്ക് 25 വർഷം കഠിന തടവും പിഴയും