6 വർഷം മുമ്പ് കാണാതായ പത്തനംതിട്ടയിലെ ജസ്ന ഇപ്പോൾ എവിടെയുണ്ടാവും? വെളിപ്പെടുത്തലിന് പിന്നാലെ സജീവം അന്വേഷണം
അതിനിടെയാണ് ഇന്നലെ കോട്ടയം മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി വലിയൊരു വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയത്.
കോട്ടയം: ആറ് വർഷം മുന്പ് കാണാതായ പത്തനംതിട്ടയിലെ ജസ്ന ഇപ്പോൾ എവിടെയുണ്ടാവും ? കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ജസ്ന ജീവനോടെയുണ്ടോ എന്ന ചോദ്യത്തിന് പോലും അന്വേഷണ സംഘത്തിന് ഉത്തരപമില്ല. അതിനിടെയാണ് ഇന്നലെ കോട്ടയം മുണ്ടക്കയത്തെ ലോഡ്ജിലെ മുൻ ജീവനക്കാരി വലിയൊരു വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയത്.
കാണാതാകുന്നതിന് മുന്പ്, ജസ്നയെ ആൺ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഞങ്ങളുടെ കോട്ടയം റിപ്പോർട്ടർ ബിദിൻ എം. ദാസ് ആ ലോഡ്ജിലെത്തി. അടിമുടി ദുരൂഹത നിറഞ്ഞതാണ് ലോഡ്ജ്. ക്രൈംബ്രാഞ്ച് സംഘം മുന്പ് പല തവണ ലോഡ്ജിൽ പരിശോധ നടത്തിയിരുന്നെന്ന് ലോഡ്ജ് ഉടമ ബിജു സേവ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ഈ ലോഡ്ജ്. റോഡരികിലുള്ള കടമുറികൾ ഇടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. താഴത്തെ നിലയിൽ റിസപ്ഷൻ എന്ന് പറയാവുന്ന ഒരിടം. അത്രക്ക് അങ്ങ് വൃത്തിയൊന്നുമില്ല. കോണിപ്പടികൾ കയറി ചെന്നാൽ മുകളിലെ നിലകളിലായി കുറെ മുറികൾ.
ഏഷ്യാനെറ്റ് ന്യൂസിലൂടെ സ്ത്രീ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ലോഡ്ജിലേക്ക് കയറുന്ന കോണിപ്പടികളിലാണ് ജസ്നയുടെ രൂപ സാദ്യശ്യമുളള പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം അന്ന് കണ്ടത്. പടിക്കെട്ടുകെട്ടുകൾ കയറി രണ്ടാമത്തെ നിലയിൽ എത്തുമ്പോഴാണ് 102 നമ്പർ മുറി.
അതേസമയം,. കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ പൂർണമായും തളളുകയാണ്. പക്ഷെ ക്രൈം ബ്രാഞ്ചിന്റെ അന്വേണവേളയിൽ ഉദ്യോഗ്സ്ഥർ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജ് ഉടമ തള്ളുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ സിബിഐ അന്വേഷണ സംഘം ലോഡ്ജ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. ഉടൻ വിശദമായ മൊഴിയും രേഖപ്പെടുത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം