പുലര്‍ച്ചെ തന്നെ ഒരു കുടുംബനാഥനെ കൊലപ്പെടുത്തി നാടിന്റെ സ്വസ്ഥത ഇല്ലാതാക്കിയ മോഴയാനയെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് എത്തിയതോടെ കൊലയാളി ആനയെ തേടി ദൗത്യസംഘം ഉടന്‍ ഇറങ്ങും

മാനന്തവാടി: പുലര്‍ച്ചെ തന്നെ ഒരു കുടുംബനാഥനെ കൊലപ്പെടുത്തി നാടിന്റെ സ്വസ്ഥത ഇല്ലാതാക്കിയ മോഴയാനയെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് എത്തിയതോടെ കൊലയാളി ആനയെ തേടി ദൗത്യസംഘം ഉടന്‍ ഇറങ്ങും. ദൗത്യസംഘത്തെ സഹായിക്കാനായി മുത്തങ്ങയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെയും ആന ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അജീഷിനെ ആക്രമിച്ച പ്രദേശത്തുനിന്ന് ഏറെ അകലെയല്ലാതെ തന്നെയാണ് ആന നിലയുറപ്പിച്ചിട്ടുള്ളത് എന്നാണ് വിവരം. മയക്കുവെടി വെക്കാന്‍ അനുയോജ്യമായ പ്രദേശത്താണോ ആന നില്‍ക്കുന്നതെന്ന കാര്യത്തില്‍ മാത്രമാണ് പരിശോധന വേണ്ടത്. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം. 

ഇതിനായി മുത്തങ്ങയിലെ ആനപന്തിയില്‍ വലിയ മരത്തടികളാല്‍ കൊട്ടില്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. ബത്തേരി നഗരത്തില്‍ ഇറങ്ങി ഒരാളെ ആക്രമിച്ച പി എം-2 എന്ന മോഴയാനയെയാണ് ഏറ്റവുമൊടുവില്‍ മയക്കുവെടി വെച്ച് മുത്തങ്ങയിലേക്ക് മാറ്റിയത്. ഏതാനും ദിവസം മുമ്പ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട മറ്റൊരു മോഴയാന മാനന്തവാടി നഗരത്തിലെത്തി ഭീതി വിതച്ചിരുന്നു. തണ്ണീര്‍ക്കൊമ്പന്‍ എന്ന് പേരില്‍ അറിയപ്പെടുന്ന ഈ ആനയെ കേരള വനവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ രാമപുര ആനക്ക്യാമ്പിലേക്ക് എത്തിച്ചെങ്കിലും പിന്നീട് ചരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ ആനയെ മയക്കു വെടിവെച്ച് പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് ഏറ്റവും ഒടുവില്‍ തീരുമാനമെടുത്തിരിക്കുന്നത്.

ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ്; 5 ലക്ഷം നഷ്ടപരിഹാരവും ജോലിയും തളളി, മൃതദേഹവുമായി പ്രതിഷേധം തുടരുന്നു

കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞതോടെ വനംവകുപ്പിനെതിരെ പ്രതിഷേധം കനക്കുകയാണ് വയനാട്ടില്‍. റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാന എത്തി വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് വരെ ഇക്കാര്യം പലരുമറിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യം കര്‍ണാടകയുടെയും ഇപ്പോള്‍ കേരള വനം വകുപ്പിന്റെയും നിരീക്ഷണത്തിലുള്ള ആന പുലര്‍ച്ചെ നാലുമണിയോടെ തന്നെ ജനവാസ മേഖലകളിലേക്ക് കടന്നുവെന്ന വിവരം വനവകുപ്പിന് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്. ട്രാക്ടര്‍ ഡ്രൈവര്‍ ആയ പടമല പനച്ചിയില്‍ അജീഷ് (45) എന്നയാളാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം