മുക്കം നഗരസഭയിലെ കാതിയോട് മുണ്ടുപാറ തോട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്.
കോഴിക്കോട്: തോട്ടിലൂടെ വെളുത്ത പത പരന്നൊഴുകിയ സംഭവത്തില്‍ പെയിന്റ് കമ്പനി അടപ്പിച്ചു. തോട്ടില്‍ രാസമാലിന്യം തള്ളിയതിനാണ് നടപടി. സ്ഥാപന ഉടമക്ക് 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മുക്കം നഗരസഭയിലെ കാതിയോട് മുണ്ടുപാറ തോട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്.
കാതിയോട് പ്രവര്‍ത്തിക്കുന്ന വണ്ടര്‍സ്റ്റോണ്‍ മാര്‍ക്കറ്റിങ് എന്ന സ്ഥാപനത്തിന്‍റെ പെയിന്‍റ് ഗോഡൗണില്‍ നിന്നാണ് രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കിയത്. തുടര്‍ന്ന് വെള്ളം കാണാത്ത തരത്തില്‍ കിലോമീറ്ററുകളോളം ഭാഗത്ത് പത ഉയര്‍ന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടു. തോട് ഒഴുകുന്ന ഭാഗത്തിന് സമീപത്തായി നിരവധി വീടുകളുടെ കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സും ഉണ്ടായിരുന്നു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചാണ് നടപടി സ്വീകരിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ഥാപനം അടച്ചുപൂട്ടാനാണ് നിര്‍ദേശം നല്‍കിയത്. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനക്കായി അയച്ചിട്ടുണ്ട്.
