മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വിഷപ്പാമ്പുകളുടെ ശല്യം രൂക്ഷമായി. ജലനിരപ്പ് താഴ്ന്നതോടെ വീടുകൾ വൃത്തിയാക്കാനെത്തിയവർ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന മൂർഖൻ അടക്കമുള്ള പാമ്പുകളെ കണ്ട് ഭീതിയിലാണ്. വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര എന്നിവിടങ്ങളിലാണ് ഭീഷണി രൂക്ഷമായിരിക്കുന്നത്.
മാന്നാർ: മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വിഷപ്പാമ്പുകളുടെ ശല്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. മാന്നാർ പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകൾ ഉൾപ്പെടുന്ന വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര പ്രദേശങ്ങളിലാണ് വിഷപ്പാമ്പുകളെ വ്യാപകമായി കാണുന്നത്. ജലനിരപ്പിൽ നേരിയ കുറവുണ്ടായതോടെ വെള്ളമൊഴിഞ്ഞ വീടുകൾ വൃത്തിയാക്കാൻ എത്തിയപ്പോഴാണ് വീടിനുള്ളിലും മറ്റും മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയില്പെട്ടത്.
വെള്ളമുയരുമ്പോൾ സ്വാഭാവിക വാസസ്ഥലങ്ങൾ നഷ്ടപ്പെടുന്ന പാമ്പുകൾ സുരക്ഷിതമായ വരണ്ട ഇടങ്ങൾ തേടിയാണ് വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും കയറിക്കൂടുന്നത്. വെള്ളമെത്തിയതോടെ വീടുവിട്ടിറങ്ങുമ്പോൾ ഉയർന്ന ഇടങ്ങളിൽ സുരക്ഷിതമായി വെച്ച പാത്രങ്ങളുടെയും കിടക്കകളുടെയും ഇടയിലാണ് വിഷപ്പാമ്പുകൾ ഒളിഞ്ഞിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളം പൂർണമായും ഇറങ്ങി പൂർവ്വസ്ഥിതിയിലെത്തിയാലും ഇഴജന്തുക്കളുടെ ഭീഷണിയിൽനിന്ന് മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയ്ക്ക് മോചനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.


