1750 ലിറ്റര്‍ ഡീസലാണ് ആറ് വരിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മോഷണം പോയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനങ്ങളില്‍ എത്തിയവരാണ് ഡീസലൂറ്റിയത്.

മലപ്പുറം: ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വീണ്ടും വ്യാപക ഡീസൽ മോഷണം. ആറ് വരിപ്പാത നിർമാണം നടക്കുന്ന രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിൽ വ്യാപകമായ ഇന്ധന മോഷണം നടക്കുന്നുവെന്നാണ് പരാതി. 1750 ലിറ്റര്‍ ഡീസലാണ് മോഷണം പോയത്. 

പൊന്നാനി മേഖലയിലാണ് കൂടുതലും ഇന്ധന മോഷണം നടന്നത്. പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചതിൽ നിന്ന് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനങ്ങളില്‍ എത്തിയവരാണ് ഡീസൽ ചോർത്തിയിട്ടുള്ളതെന്ന് കണ്ടെത്തി.

നേരത്തെ കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് നിർമാണ കമ്പനി ഇനാം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊന്നാനി, കുറ്റിപ്പുറം ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിർമാണ കമ്പനി പരാതിയും നൽകിയിരുന്നു. 

നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിർ നിന്നാണ് ഡീസൽ മോഷണം പോകുന്നത്. വലിയ ലോറികളും മണ്ണുമാന്തി യന്ത്രവും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നാണ് രാത്രിയിൽ ഇന്ധനം നഷ്ടമാവുന്നത്. കൂടാതെ ജനറേറ്റർ ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നിൽ ഏതെങ്കിലും സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ സൈബർ സെല്ലിലും പരാതി എത്തിയിട്ടുണ്ട്.