Asianet News MalayalamAsianet News Malayalam

'രക്ഷപ്പെടുത്താമായിരുന്നിട്ടും കൊന്നുകളഞ്ഞു'; മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് തോമസിന്‍റെ ഭാര്യയും മക്കളും

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് സാലു എന്ന തോമസിന്റെ വീട്ടില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയപ്പോഴായിരുന്നു ഭാര്യയടക്കമുള്ള ബന്ധുക്കള്‍ അദ്ദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രതികരിച്ചത്. 

wife of thomas tears in front of minister
Author
First Published Jan 17, 2023, 10:00 AM IST

മാനന്തവാടി: ''നമ്മളായിട്ട് കൊന്നതാണ് ചേട്ടായിയെ, കടുവ തീര്‍ക്കുവാണേല്‍ ഇത്ര സങ്കടമുണ്ടാകില്ലായിരുന്നു. രക്ഷപ്പെടുത്താമായിരുന്നിട്ടും നമ്മള്‍ മനുഷ്യരായിട്ട് കൊന്നുകളഞ്ഞു''. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് സാലു എന്ന തോമസിന്റെ വീട്ടില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയപ്പോഴായിരുന്നു ഭാര്യയടക്കമുള്ള ബന്ധുക്കള്‍ അദ്ദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രതികരിച്ചത്. 

ഏറെ നേരം രക്തം വാര്‍ന്ന് കിടന്നത് കൊണ്ട് മാത്രമാണ് തോമസിന് ജീവന്‍ നഷ്ടമായതെന്ന് ബന്ധുക്കള്‍ മന്ത്രിയോട് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ വയനാട്ടില്‍ ഒരു ആശുപത്രിയില്‍ പോലും ഇല്ല. മതിയായ ആംബുലന്‍സ് സംവിധാനങ്ങളില്ലാത്തതും തോമസിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ജില്ല ആശുപത്രിക്ക് വേണ്ട സൗകര്യം പോലും ഇല്ലാത്ത മാനന്തവാടിയിലെ ആശുപത്രിയെ ബോര്‍ഡില്‍ മാത്രം മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയതാണെന്ന് ഈ സംഭവത്തോടെ വ്യക്തമായതായും ആരോപണം ഉയര്‍ന്നു. 

വൈകുന്നേരം അഞ്ച്  മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. തോമസിന്റെ ഭാര്യ സിനി. മക്കളായ സോജന്‍,  സോന എന്നിവരെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. പുതുശ്ശേരിയിലും വെള്ളാരംകുന്നിലും രാത്രികാല പട്രോളിംഗ് ഊര്‍ജിതമാക്കുമെന്നും കുടുംബത്തിന് ആവശ്യമായ കൗണ്‍സലിംഗ്  ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തോമസിന്റെ ഭാര്യ സിനി വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിക്ക് സമര്‍പ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡണ്ട്  അംബികാ ഷാജി, വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ മാസ്റ്റര്‍, കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, ജില്ല പോലീസ് മേധാവി ആര്‍. ആനന്ദ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നേരത്തെ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടിയ ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ പിടികൂടുന്നതിനുളള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളള മുഴുവന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജില്ലാ കലക്ടറെയും മന്ത്രി അനുമോദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആര്‍.ആര്‍.ടി അംഗങ്ങളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അഭിനന്ദിച്ചു.

കഠിനമായ വയറുവേദന; നാല് വയസുകാരന്‍റെ വയറില്‍ നിന്ന് നീക്കം ചെയ്തത് മാഗ്നറ്റിക് ബ്രേസ്ലെറ്റ്

Follow Us:
Download App:
  • android
  • ios