വണ്ടൂർ കുറ്റി അങ്ങാടിയിൽ കാളികാവ് റോഡരികിലെ സി.എച്ച് ഫർണിച്ചർ കടയിലേക്കാണ് പന്നിക്കൂട്ടം പാഞ്ഞു കയറിയത്

മലപ്പുറം: പട്ടാപ്പകൽ പന്നിക്കൂട്ടം തകർത്തത് ഒരു ഫർണിച്ചർ കട. കഴിഞ്ഞ ദിവസം വണ്ടൂരിലാണ് സംഭവം. ഫർണിച്ചർ കടയിലേക്ക് പന്നിക്കൂട്ടം പാഞ്ഞു കയറി ഫർണിച്ചറുകളും കടയുടെ മുൻവശത്തെ ഗ്ലാസുകളും തകർക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ വണ്ടൂർ കുറ്റി അങ്ങാടിയിൽ കാളികാവ് റോഡരികിലെ സി.എച്ച് ഫർണിച്ചർ കടയിലേക്കാണ് പന്നിക്കൂട്ടം പാഞ്ഞു കയറിയത്.

കടയുടെ മുൻ ഭാഗത്തുള്ള വലിയ ഗ്ലാസുകളാണ് പന്നിക്കൂട്ടം നിമിഷ നേരം കൊണ്ട് തകർത്തത്. സംഭവ സമയം ഉടമ സി.എച്ച് ഉബൈദുല്ല കടയിൽ ഉണ്ടായിരുന്നു. കടയിൽ കയറിയ പന്നിക്കൂട്ടം മൂന്നുതവണ ഫർണിച്ചറുകൾക്കിടയിലൂടെ വട്ടം ചുറ്റി. തുടർന്ന് രണ്ട് പന്നികൾ മുൻവശത്തെ ഗ്ലാസ് തകർത്തു പുറത്തേക്കോടുകയായിരുന്നു. അതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന മുറിവേറ്റ ഒരു പന്നി ആക്രമാസക്തമായി കടക്കുള്ളിലെ ഫർണിച്ചറുകൾക്കിടയിൽ കുടുങ്ങുകയും ചെയ്തു. ഉടനെ നാട്ടുകാരനും ട്രോമാകെയർ അംഗവുമായ സി.ടി ഷാഹുൽ ഹമീദ് പന്നിയെ പുറത്തേക്ക് ഓടിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം