Asianet News MalayalamAsianet News Malayalam

കോഴിക്കോട് വീടിനകത്ത് കയറിയും കാട്ടുപന്നികളുടെ ആക്രമണം, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും, അയൽവാസി സമയോചിതമായി ഇടപെടുകയും ചെയ്തത് കൊണ്ട് മാത്രമാണ് വീട്ടിലെ  കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് 

Wild boar attack inside a house in Kozhikode
Author
Kozhikode, First Published Oct 2, 2021, 11:03 AM IST

കോഴിക്കോട്: കൃഷിയിടത്തിൽ മാത്രമല്ല വീടിനകത്തും  കാട്ടുപന്നികളുടെ പരാക്രമം കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിൻ്റെ വീട്ടിലാണ് പന്നികളുടെ പരാക്രമം നടന്നത്. വാതിൽ തുറന്നിട്ട അവസരത്തിൽ കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും, അയൽവാസി സമയോചിതമായി ഇടപെടുകയും ചെയ്തത് കൊണ്ട് മാത്രമാണ് വീട്ടിലെ  കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് 

ഇന്നലെ രാത്രിയായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, നാശനഷ്ടങ്ങൾ വിലയിരുത്തി.
പൂലോട്, ചോയിയോട് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമായത് കാരണം പ്രദേശവാസികൾ ദുരിതത്തിലാണ്. കൂട്ടമായി എത്തുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പൊട്ടികൈ ഭാഗത്ത് അബ്ദുൾ മജീദിൻ്റെകൃഷി നശിപ്പിച്ച് കൊണ്ടിരുന്ന രണ്ട് കാട്ടുപന്നികളെയും അടിവാരം ഭാഗത്ത് കെ.സി. മുഹമ്മദ് എന്ന കൃഷിക്കാരൻ്റെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഒരു കാട്ടുപന്നിയെയും വെടിവെച്ച് കൊന്നിരുന്നു.

വനംവകുപ്പിൻ്റെ എം പാനൽ ലിസ്റ്റിൽപ്പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കും നാലു മണിക്കുമിടയിലായാണ് പന്നികളെ വെടിവെച്ച് കൊന്നത്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ ഇതിനകം കൃഷി നശിപ്പിക്കാനെത്തുന്ന
നൂറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കഴിഞ്ഞു. എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ ഇതുവരെ കാര്യമായി കാട്ടുപന്നി ശല്യം ഒഴിവാക്കാനായിട്ടില്ല. 

Follow Us:
Download App:
  • android
  • ios