കോഴിക്കോട് ബാലുശ്ശേരി സംസ്‌കൃത കോളേജിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. വരാന്തയിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപകനെയാണ് കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചത്. 

കോഴിക്കോട്: കോളേജിനകത്ത് പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം. കോഴിക്കോട് ബാലുശ്ശേരി സംസ്‌കൃത കോളേജിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. അധ്യാപകനായ മനോജ് കുമാര്‍ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

വൈകീട്ട് 3.30 ഓടെയാണ് കോളേജ് കോംപൗണ്ടിനകത്ത് കാട്ടുപന്നി പ്രവേശിച്ചത്. ഈ സമയം അധ്യാപകനായ മനോജ് കുമാര്‍ ലൈബ്രറിയില്‍ നിന്നും ഓഫീസിലേക്ക് കോളേജ് വരാന്തയിലൂടെ നടന്നു വരികയായിരുന്നു. അധ്യാപകനെ കണ്ടപാടെ പന്നി പാഞ്ഞടുത്തു. പൊടുന്നനെ മനോജ് കുമാര്‍ ഒഴിഞ്ഞു മാറിയതിനാല്‍ പന്നി ചുമരില്‍ പോയി ഇടിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു.

വിദ്യാര്‍ത്ഥികളാരും ഈ സമയം പുറത്തില്ലാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ബാലുശ്ശേരി ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംസ്‌കൃത കോളേജിന്റെ പരിസരമാകെ കാടുപിടിച്ച നിലയിലാണ്. ഇവിടെ മൃഗങ്ങള്‍ താവളമാക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.