വനംവകുപ്പിലെ എം പാനല്‍ ഷൂട്ടര്‍ ചന്തുക്കുട്ടി വേണാടിയാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്

കോഴിക്കോട്: സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങി നടക്കാന്‍ ഭയന്നിരുന്ന കട്ടിപ്പാറ പഞ്ചായത്തിലെ താഴ്‌വാരം വാര്‍ഡിലുള്ളവര്‍ ഇന്ന് ഉറങ്ങിയെഴുന്നേറ്റത് ഒരാശ്വാസ വാര്‍ത്ത കേട്ടാണ്. ദിവസങ്ങളായി തങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന കാട്ടുപന്നിക്കൂട്ടത്തില്‍ ഒന്നിനെ വെടിവെച്ചു കൊന്നതായിരുന്നു ആ വാര്‍ത്ത. ഇന്ന് പുലര്‍ച്ചെ ഒന്നോടെ വനംവകുപ്പിലെ എം പാനല്‍ ഷൂട്ടര്‍ ചന്തുക്കുട്ടി വേണാടിയാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്.

പ്രദേശത്ത് കാട്ടുപന്നിയുടെയും കുരങ്ങ് ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെയും ശല്യം രൂക്ഷമായതിനാല്‍ ജനങ്ങള്‍ ഏറെ നാളായി ദുരിതം അനുഭവിക്കുകയായിരുന്നു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും ബൈക്കില്‍ യാത്ര ചെയ്യുന്നവരെ അപകടത്തില്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ നിരവധിയായ പ്രശ്‌നങ്ങളാണ് കാട്ടുപന്നികള്‍ മൂലം നാട്ടുകാര്‍ നേരിട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വളവനാനിക്കല്‍ ബെന്നിയുടെ കൃഷി വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷമാണ് അധികൃതര്‍ക്ക് കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് പരാതി സമര്‍പിച്ചത്.

തുടര്‍ന്ന് പ്രത്യേക അധികാരം ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിടുകയായിരുന്നു. മൂന്നാം വാര്‍ഡ് മെബര്‍ ജിന്‍സി തോമസ് സംയുക്ത കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ കെ വി സെബാസ്റ്റിയന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പന്നിയുടെ ജഡം മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ തുടരും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം