കൊല്ലം അഞ്ചലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കൊല്ലം: അഞ്ചലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആലഞ്ചേരിയിൽ നിന്നും ആനക്കുളത്തെ വീട്ടിലേക്ക് പോകവേ കടവറത്ത് വച്ചാണ് ഇരുവരെയും കാട്ടുപോത്ത് ആക്രമിച്ചത്. സ്കൂട്ടറിന്റെ നേരെ പാഞ്ഞെടുത്ത കാട്ടുപോത്ത് വാഹനം ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ കുറെ നാളുകളായി അഞ്ചൽ, അലയമൺ ഭാഗത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നു ദിവസമായി തുടർച്ചയായി ജനവാസ മേഖലയിൽ കാട്ടുപോത്തിനെ ദൃശ്യമായിരുന്നു. പലതവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കാട്ടുപോത്തിനെ കാട്ടിലേക്ക് തിരികെ വിടുന്നതിനു വേണ്ട ഇടപെടൽ നടത്തണമെന്ന് വനം വകുപ്പിനോട് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ആർ ആർ ടി സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്. അഞ്ചലിലെ ആർ ടി സംഘത്തിന് സഹായത്തിനായി തെന്മലയിലെ സംഘവും എത്തിയിട്ടുണ്ട്.