അപ്രതീക്ഷിതമായി ആനയുടെ മുന്നിൽ പെടുകയായിരുന്നു ബൈക്ക് യാത്രക്കാർ. 

തൃശൂർ: തൃശൂർ ജില്ലയിൽ വാഴച്ചാൽ വാച്ചുമരം ഭാഗത്ത് വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിച്ചു. വാച്ചു മരം ആനക്കയത്ത് വൈകിട്ടാണ് സംഭവം. ബൈക്ക് യാത്രികരായ രോഹിത്, സോന എന്നിവർക്കാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി ആനയുടെ മുന്നിൽ പെടുകയായിരുന്നു ബൈക്ക് യാത്രക്കാർ. രോഹിതിന്റെ കാലിൽ ആന ചവിട്ടിയിട്ടുണ്ട്. രണ്ടുപേരെയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

അതേ സമയം, അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹർജിയില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപ പിഴയീടാക്കണെമന്ന് ചീഫ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് രാവിലെ കോടതിയിൽ പറഞ്ഞിരുന്നു, എന്നാൽ ഉത്തരവിന്റെ പകർപ്പിൽ പിഴ രേഖപ്പെടുത്തിയിട്ടില്ല.

അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹർജിയിലെ വാദം. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാല്‍ നിരന്തരമുള്ള അരിക്കൊമ്പന്‍ ഹര്‍ജികളില്‍ നിരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു.

അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയും സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാൻ നിർദ്ദേശം. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ തേടിയാണ് ഹർജി നൽകിയത്‌. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരായിരുന്നു ഹർജിക്കാർ.

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News