മറിഞ്ഞു വീണ ജീപ്പിൽ നിന്നും രക്ഷപ്പെട്ട വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ച് കാട്ടാനയെ തുരത്തിയതിന് ശേഷം മറ്റൊരു വാഹനത്തിലാണ് തിരികെ ഓഫിസിലെത്തിയത്.

അതിരപ്പിള്ളി: ഷോളയൂരിൽ ആർ.ആർ. ടി വാഹനം ആക്രമിച്ച് ഒറ്റയാൻ. രണ്ട് ദിവസം മുൻപാണ് സംഭവം. ഷോളയൂർ ഗോഞ്ചിയൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താൻ എത്തിയ ആർ.ആർ.ടി വാഹനത്തിന് നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരിന്നു. ഒരിക്കൽ പിൻതിരിഞ്ഞ ആന പിന്നീട് തിരിഞ്ഞെത്തി ജീപ്പ് കുത്തിമറിച്ചിടുകയായിരിന്നു. ജീപ്പിലുണ്ടായിരുന്ന എട്ട് വനംവകുപ്പ് ജീവനക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

മറിഞ്ഞു വീണ ജീപ്പിൽ നിന്നും രക്ഷപ്പെട്ട വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ച് കാട്ടാനയെ തുരത്തിയതിന് ശേഷം മറ്റൊരു വാഹനത്തിലാണ് തിരികെ ഓഫിസിലെത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്. അതിരപ്പിള്ളി മലക്കപ്പാറ അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാനകളെ കൊണ്ട് പൊറുതമുട്ടിയിരിക്കുകയാണ് സഞ്ചാരികളും നാട്ടുകാരും. വാഹനങ്ങള്‍ക്ക് നേരെ കാട്ടാനകള്‍ ഓടിയടുക്കുന്നത് നിത്യ സംഭവമായതോടെ ഇതുവഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്. പണ്ട് രാത്രികാലങ്ങളില്‍ മാത്രമാണ് ആനകള്‍ റോഡിലേക്കിറങ്ങാറ്. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയങ്ങളും ആനകൂട്ടം റോഡരികില്‍ തമ്പടിക്കുകയാണ്. 

ആഴ്ചകള്‍ക്ക് മുമ്പ് രണ്ട് കാറുകളും ഒരു ബൈക്കും കാട്ടാന ആക്രമിച്ചിരുന്നു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരപ്പിള്ളി മുതല്‍ വാല്‍പ്പാറ വരെയുള്ള ഭാഗ്തതാണ് ആനയാക്രമണം കൂടുതലായിരിക്കുന്നത്. വിജനമായ ഈ വഴികളില്‍ ഭയപ്പാടോടെയാണ് ഇപ്പോള്‍ സഞ്ചാരികളുടെ യാത്ര. വനത്തില്‍ നിന്നും അപ്രതീക്ഷിതമായി ആനകള്‍ റോഡിലേക്കിറങ്ങി വരുന്നതാണ് വാഹനയാത്രികരെ വലക്കുന്നത്.

Read More : 'ആദ്യം തലയ്ക്കടിച്ചു, പ്ലാസ്റ്റിക് ഷീറ്റ് മൂടി കത്തിച്ചു'; മാങ്കുളത്ത് മകൻ അച്ഛനെ കൊന്നത് പണം നൽകാത്തതിനാൽ