Asianet News MalayalamAsianet News Malayalam

മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു; വീട് തകര്‍ത്തു, കൃഷി നശിപ്പിച്ചു

കഴിഞ്ഞ ദിവസം കുറ്റിയർവാലിയിൽ എത്തിയ ചുള്ളിക്കൊമ്പൻ രണ്ടുമണിക്കൂറോളമാണ് റോഡിൽ നിലയുറപ്പിച്ചത്. 

wild elephant attack in idukki munnar
Author
Munnar, First Published Jan 13, 2021, 9:28 PM IST

മൂന്നാർ: ഇടുക്കിയിലെ തോട്ടം മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഗുണ്ടുമല ആർ എൻ ഡിയിൽ എസ്റ്റേറ്റ് ജീവനക്കാരിയുടെ വീട് കാട്ടാനക്കൂട്ടം തകർത്തു. തിങ്കളാഴ്ച പുലർച്ചെയാണ് ആർ എൻ ഡിയിലെ സ്റ്റാഫ് ജയകനിയുടെ വീടിന്‍റെ ഒരു ഭാഗം കാട്ടാന ചവിട്ടി തകർത്ത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ എത്തിയ കാട്ടാനക്കൂട്ടം ഒന്നരമണിക്കൂർ വീടിന് സമീപത്ത് നിലയുറപ്പിച്ചു. ജയകനിയും മകളും ഭർത്താവുമടക്കം തൊട്ടടുത്ത മുറിയിൽ ശ്വാസമടക്കി പിടിച്ചാണ് ഒന്നര മണിക്കുർ കഴിഞ്ഞത്. മൂന്നാറിലെ തോട്ടം മേഖലകളിലെയെല്ലാം സ്ഥിതി മറിച്ചല്ല.  ഒറ്റതിരിഞ്ഞും കൂട്ടമായും കാട്ടാനകൾ  ലയങ്ങളിൽ എത്തുകയാണ്. 

കഴിഞ്ഞ ദിവസം കുറ്റിയർവാലിയിൽ എത്തിയ ചുള്ളിക്കൊമ്പൻ രണ്ടുമണിക്കൂറോളമാണ് റോഡിൽ നിലയുറപ്പിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച ആന മണിക്കൂറൂകളോളം ഗതാഗതം സ്തംഭിക്കുകയും പ്രദേശവാസികളാകെ പരിഭ്രാന്തരാവുകയും ചെയ്തു. ഇതിന് പിന്നാലെ ഗൂഡാർവിള എസ്റ്റേറ്റില്‍ കൂട്ടമായെത്തിയ ആനകള്‍  അടുക്കള തോട്ടങ്ങൾ നശിപ്പിച്ചു. 

മാട്ടുപ്പെട്ടി, ചിറ്റിവാര, രാജമല, സൈലന്‍റുവാലി എന്നിവിടങ്ങളിലും സമാനമായ പ്രശ്നങ്ങൾ കാട്ടാനക്കൂട്ടം സൃഷ്ടിച്ചു. മൂന്നാർ ടൗൺ മേഖലകളിൽ പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാന പെട്ടിക്കടകൾ നശിപ്പിക്കുകയും വില്പപക്കായി സൂക്ഷിച്ചിരിക്കുന്ന പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് നിരന്തരം പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നാടിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios