പുതുപ്പാടിയിലെ ചിപ്പിലിത്തോട് കോണ്‍വെന്റ് പരിസരത്താണ് വൈകീട്ടോടെ കാട്ടാന ഇറങ്ങിയത്.
കോഴിക്കോട്: ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന റബ്ബറും തെങ്ങും ഉള്‍പ്പെടെയുള്ള കൃഷി നശിപ്പിച്ചു. പുതുപ്പാടിയിലെ ചിപ്പിലിത്തോട് കോണ്‍വെന്റ് പരിസരത്താണ് വൈകീട്ടോടെ കാട്ടാന ഇറങ്ങിയത്. ഈ പ്രദേശത്തെ ഏതാനും പേരുടെ വീട്ടുപരിസരത്തുള്‍പ്പെടെ കാട്ടാനയുടെ സാനിധ്യമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
കുളത്തിങ്കല്‍ ജോജിയുടെ 150 റബര്‍ തൈകളും ബെന്നി പടിക്കലിന്റെ അഞ്ച് തെങ്ങുകളും നശിപ്പിച്ചു. ഇരുമ്പ് നെറ്റ് കൊണ്ട് കെട്ടിയ വേലി തകര്‍ത്താണ് റബര്‍ തൈ നശിപ്പിച്ചത്. പുള്ളാശ്ശേരി സണ്ണി, ജെയ്‌സണ്‍ പുളശേരി, ഇടയന്‍കുന്നേല്‍ സലിന്‍, ഇടയന്‍കുന്നേല്‍ രാജു എന്നിവരുടെ വീടിന് സമീപം വരെ ആന എത്തി.
പ്രദേശത്ത് ആന ഇറങ്ങുന്നത് പതിവായിരിക്കുകയാണെന്നും വൈകീട്ടോടെ എത്തുന്ന ആന നേരം പുലരുംവരെ പ്രദേശത്ത് തുടരുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ശബ്ദം ഉണ്ടാക്കിയോ പടക്കം പൊട്ടിച്ചോ ഭയപെടുത്തിയായാലും പോവാറില്ല കാട്ടാന ശല്യം രൂക്ഷമായിട്ടും ജനപ്രതിനിധികള്‍ കാര്യമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.
ഒരുവര്‍ഷം മുമ്പ് കാട്ടാന ശല്യം രൂക്ഷമായ സമയത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല എന്നും നാട്ടുകാര്‍ പറയുന്നു.
