Asianet News MalayalamAsianet News Malayalam

വാഴക്കോട് കാട്ടാനയുടെ കൊമ്പെടുത്ത സംഭവം: ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയില്ല, 11 പ്രതികളും പുറത്ത്

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലായവ കാരണം കുറ്റപത്രം സമര്‍പ്പിക്കാന്‍ വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ജയിലിലായിരുന്ന 11 പ്രതികളും ജാമ്യത്തിലിറങ്ങി.

Wild elephant buried on private property in Thrissur Vazhakode latest update
Author
First Published Jun 24, 2024, 11:31 AM IST

തൃശൂര്‍: വാഴക്കോട് റബര്‍ തോട്ടത്തില്‍ വൈദ്യുതി ആഘാതമേല്‍പ്പിച്ച് കാട്ടാനയെ കൊന്ന് ഒരു കൊമ്പിന്റെ പകുതി മുറിച്ചെടുത്ത സംഭവത്തില്‍ കുറ്റപത്രം നല്‍കിയില്ല. സംഭവം നടന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. പ്രതികളില്‍നിന്നു പിടിച്ചെടുത്ത പകുതി കൊമ്പും ആനയുടെ ദേഹത്തുണ്ടായിരുന്ന പകുതി കൊമ്പും ഒന്നാണോ എന്നറിയുന്നതിനായുള്ള ഐഡന്റിഫിക്കേഷന്‍ പരിശോധന നടത്തുന്നതിനു തിരുവനത്തപുരത്തുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിട്യൂട്ടിലേക്കോ, അല്ലെങ്കില്‍ ഹൈദ്രാബാദിലെ ലാബിലേക്കോ അയയ്ക്കണം. ഇതിനു കോടതിയുടെ അനുമതി ലഭിക്കേണ്ടതായുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലായവ കാരണം കുറ്റപത്രം സമര്‍പ്പിക്കാന്‍ വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. 

ഇതോടെ ജയിലിലായിരുന്ന 11 പ്രതികളും ജാമ്യത്തിലിറങ്ങി. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് ആന ചരിഞ്ഞത്. റബര്‍ തോട്ടം ഉടമയുടെ ആവശ്യപ്രകാരം ആനയെ കുഴിച്ചിടാന്‍ എത്തിയവരാണ് ഒരു കൊമ്പിന്റെ പകുതി വെട്ടിയെടുത്തത്. തുടര്‍ന്ന് കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പട്ടിമറ്റം അഖില്‍ മോഹനനെ കോടനാട് റേഞ്ച് വനം ഉദ്യോഗസ്ഥര്‍ ജൂലൈ 13ന് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ആനയെ കൊന്ന സംഭവം ചുരുളഴിയുന്നത്. ആന ചരിഞ്ഞ സംഭവം മച്ചാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു മാസം കഴിഞ്ഞിട്ടാണറിയുന്നത്. വിവരമറിഞ്ഞതോടെ മച്ചാട് റേഞ്ചര്‍ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തില്‍ ജൂലൈ 14ന് ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡവും മസ്തകവും കൊമ്പുകളും കണ്ടെടുത്തപ്പോള്‍ ഒരു കൊമ്പിന്റെ പകുതി മുറിച്ച നിലയിലായിരുന്നു.

വാഴാനി സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ചര്‍ വിനോദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ അന്വേഷണം നടത്തി, ചിലരെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചു. ഒളിവില്‍ പോയിരുന്ന ഒന്നാം പ്രതി റബര്‍ തോട്ടം ഉടമ ഉള്‍പ്പെടെ മറ്റുള്ളവര്‍ ഒരാഴ്ച കഴിഞ്ഞു  കീഴടങ്ങുകയും ചെയ്തു. റബര്‍ തോട്ടം ഉടമയും ഒന്നാം പ്രതിയുമായ വാഴക്കോട് മണിയന്‍ചിറ റോയി ജോസഫ് (54),  മുള്ളൂര്‍ക്കര വാഴക്കോട് മുത്തുപതിക്കല്‍ വീട്ടില്‍ ജോബി എം. ജോയി (46), ഇരുനിലംകോട് പാലക്കല്‍ വീട്ടില്‍ ജെയിംടെസ് പി. വര്‍ഗീസ് (55), പൂവരണി മുണ്ടാട്ട് ചൂണ്ടയില്‍ മധുവില്‍ സെബി (മാത്യു ജയിംസ് 50), ഇടമറ്റം ചക്കാലക്കല്‍ ജയിംസ് ജോര്‍ജ് (പ്രിജു 53), കൈനകരി വള്ളിത്താനം മഞ്ജു തോമാസ് (47), കോട്ടയം കൊണ്ടാട് രാമപുരം ഏറെകുന്ന് വീട്ടില്‍ ജോണി തോമാസ്   (64), പട്ടിമറ്റം താമരച്ചാലില്‍ അഖില്‍ മോഹനന്‍ (34), പട്ടിമറ്റം മുഴുവന്നൂര്‍ വിനയന്‍ (40), പട്ടിമറ്റം   ജിന്റോ ജോണി (31), പട്ടിമറ്റം വെട്ടിക്കാട്ടുമാരി അരുണ്‍ (32) എന്നിവരാണ് പ്രതി പട്ടികയിലുള്ളത്.  

വാഴക്കോടുനിന്ന് ആനക്കൊമ്പ് കൊണ്ടുപോകാനും പിന്നീട് വില്‍ക്കാനും ഉപയോഗിച്ച രണ്ടു കാറുകളും വനംവകുപ്പ്  കസ്റ്റഡിയിലെടുത്തിരുന്നു. സംസ്ഥാനത്ത് വളരെ അപൂര്‍വമായി സംഭവിച്ച കേസായതിനാല്‍ വൈല്‍ഡ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷണം നടത്തിയിരുന്നു. വൈദ്യുതി ആഘാതമേല്‍പ്പിച്ചു ആനയെ കൊല്ലുക, കൊമ്പ് മുറിച്ചെടുക്കല്‍, ജഡം കുഴിച്ചുമൂടല്‍, തെളിവു നശിപ്പിക്കല്‍, കൊമ്പ് വില്‍പ്പന തുടങ്ങിയ കുറ്റമാണ് ചുമത്തിയിരുന്നത്.  

Read More : പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം, അയൽവാസിയുടേതടക്കം 38 പവൻ സ്വർണ്ണവും പണവും കവർന്നു; അന്വേഷണം തുടങ്ങി
 

Latest Videos
Follow Us:
Download App:
  • android
  • ios