ആദ്യം ആശുപത്രി കെട്ടിടവും വാഹനവും സ്‌കൂളിന്റെ കഞ്ഞിപ്പുരയും നശിപ്പിച്ച കാട്ടാനക്കൂട്ടം പോസ്റ്റുമാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു

ഇടുക്കി: മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ കുട്ടികൊമ്പനുമായി എത്തിയ കാട്ടാനക്കൂട്ടം വീട് തകര്‍ത്ത് അകത്തുകയറി. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് പോസ്റ്റുമാസ്റ്ററും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മൂന്നാര്‍ കന്നിമല ലോവര്‍ എസ്‌റ്റേറ്റില്‍ രാത്രി ഒരുമണിയോടെയാണ് കുട്ടിക്കൊനുമൊത്ത് കാട്ടാനക്കൂട്ടം എത്തിയത്. 

ആദ്യം ആശുപത്രി കെട്ടിടവും വാഹനവും സ്‌കൂളിന്റെ കഞ്ഞിപ്പുരയും നശിപ്പിച്ച കാട്ടാനക്കൂട്ടം പോസ്റ്റുമാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയ ഇവ‍ർ തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

സംഭവ സമയത്ത് പോസ്റ്റുമാസ്റ്ററും അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കരിമ്പും മറ്റ് ഭക്ഷണ വസ്തുക്കളും അകത്താക്കി നിലയുറപ്പിച്ച കാട്ടാനകളെ സമീപവാസികള്‍ ശബ്ദമുണ്ടാക്കിയാണ് കാടുകയറ്റിയത്. കഴിഞ്ഞ ദിവസം പെരിയവാര എസ്റ്റേറ്റിന്റെ സമീപത്തും കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളികളുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 

ദേശീയപാതകളിലും പോക്കറ്റ് റോഡുകളിലും എസ്‌റ്റേറ്റുകളിലും ഇടവിടാതെ കാട്ടാനകള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും ഇറങ്ങിയിട്ടും വന്യമൃഗങ്ങളെ കാടുകയറ്റാന്‍ വനപാലകര്‍ ശ്രമിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.