ഏഴാറ്റുമുഖം ഗണപതിയെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്‍കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പതിനാലാം ബ്ലോക്കിലെ എണ്ണപ്പന തോട്ടത്തിലാണ് ആന ഇപ്പോൾ ഉള്ളത്.
തൃശ്ശൂർ: അതിരപ്പിള്ളിയില്‍ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പനെ നിരീക്ഷിച്ച് വനം വകുപ്പ്. ഗണപതിയുടെ കാലിൽ കമ്പി പോലെ എന്തോ വസ്തു തറച്ച പാട് കണ്ടെത്തി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പതിനാലാം ബ്ലോക്കിലെ എണ്ണപ്പന തോട്ടത്തിലാണ് ആന ഇപ്പോൾ ഉള്ളത്. ആനയുടെ പുതിയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഏഴാറ്റുമുഖം ഗണപതിയെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്‍കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ട് പോകുമെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആനയെ നിരീക്ഷിച്ച വനം വകുപ്പ് ഡോക്ടര്‍മാരായ ബിനോയ് സി ബാബു, ഒ.വി. മിധുന്‍, ഡേവിഡ് എബ്രഹാം എന്നിവര്‍ ഡിഎഫ്ഒയ്ക്ക് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ആനയുടെ കാലിനുള്ള പരിക്ക് അതീവ ഗുരുതരമല്ല. ആന തീറ്റയെടുക്കുകയും വെള്ളം കുടിക്കുകയും സഞ്ചരിക്കുന്നുമുണ്ടെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.
വരും ദിവസങ്ങളിലും നിരീക്ഷണം തുടരും. നിരീക്ഷണത്തിന് ശേഷമാവും മയക്കുവെടി സംബന്ധിച്ച തീയതിയില്‍ തീരുമാനം കൈക്കൊള്ളുക. ആനയെ മയക്കുവെടിവച്ച് പിടിച്ച് ചികിത്സിക്കുന്ന കാര്യത്തില്‍ മുഖ്യ വനപാലകന്‍റെ നിലപാടും നിര്‍ണായകമാവും. മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വച്ച് പിടിക്കുന്നതിനിടെ തോഴനായി കവചം തീര്‍ത്തുനിന്ന ആനയാണ് ഏഴാറ്റുമുഖം ഗണപതി.
