ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനൊടുവില്‍ ആനയെ പിടികൂടി മുതുമലയിലെ അഭയാരണ്യം ആനപരിപാലന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. 

കൽപ്പറ്റ: അച്ഛനെയും മകനെയുമുള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ, നാട്ടുകാര്‍ ശങ്കര്‍ എന്ന വിളിക്കുന്ന കൊമ്പന്‍ ഇപ്പോള്‍ ശാന്തനാണ്. 2020 ഡിസംബറിലായിരുന്നു ശങ്കര്‍ വില്ലന്‍വേഷത്തില്‍ അവതരിച്ചത്. വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ പന്തല്ലൂര്‍ താലൂക്കിലെ ചേരമ്പാടി, കുളപ്പള്ളി പ്രദേശങ്ങളില്‍ മാസങ്ങളോളമാണ് കൊമ്പന്‍ ഭീതി വിതച്ചത്. 

ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനൊടുവില്‍ ആനയെ പിടികൂടി മുതുമലയിലെ അഭയാരണ്യം ആനപരിപാലന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. മരത്തടികളില്‍ തീര്‍ത്ത കൊട്ടിലില്‍ കുറച്ചു ദിവസങ്ങള്‍ പരാക്രമം തുടര്‍ന്നെങ്കിലും നാലുമാസത്തെ പന്തിവാസം അവനെ ഈ വിധം ശാന്തനാക്കിയിരിക്കുന്നു. 

വില്ലന്‍വേഷമഴിച്ച് ഇനി മുതുമലയിലെ തന്നെ തെപ്പക്കാട് വളര്‍ത്താനകളുടെ കൂടെയാകും ശങ്കറിന്റെ ജീവിതം. കൊമ്പന്റെ കൊലയാളി ജീവിതം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആക്രമണങ്ങള്‍ക്ക് ശേഷം മാസങ്ങള്‍ മുങ്ങി നടക്കുന്നതായിരുന്നു ശങ്കറിന്റെ രീതി. ഒരിക്കല്‍ പിടികൂടാനുള്ള നീക്കം മനസ്സിലാക്കി കൊമ്പന്‍ തമിഴ്നാടിന്റെ വനാതിര്‍ത്തി വിട്ട് കേരളത്തിലെത്തിയത് വനപാലകരെ പോലും ഞെട്ടിച്ചു. 

ദിവസങ്ങളോളം മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ താവളമടിച്ച ശേഷമായിരുന്നു വീണ്ടും പന്തല്ലൂര്‍, ചേരമ്പാടി മേഖലകളിലേക്ക് എത്തിതുടങ്ങിയത്. ഇതറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ നിന്നുള്ള പതിനൊന്നംഗ വിദഗ്ധസംഘത്തെയും കൊണ്ട് പ്രദേശം വളയുകയായിരുന്നു. 

ഡ്രോണിന്റെയും അഞ്ച് കുങ്കിയാനകളുടെയും സഹായത്തോടെ പന്തല്ലൂര്‍ വനമേഖലയിലെത്തി ശങ്കറിനെ മയക്കുവെടിവെച്ചു. തിരച്ചില്‍ തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ കൊമ്പനെ കണ്ടെത്തി വെടിവെച്ചെങ്കിലും കൂടെയുള്ള മറ്റാനകളുടെ സഹായത്തോടെ ശങ്കര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. 

പിന്നീട് ഏറെ നേരം തിരഞ്ഞ് രണ്ടാമത്തെ വെടിയും വെച്ചതോടെയാണ് കൊമ്പന്‍ വരുതിയിലായത്. കൂട്ടിലകപ്പെട്ടതോടെ പരാക്രമം തുടങ്ങിയെങ്കിലും പുറത്തുകടക്കാന്‍ വഴിയില്ലെന്ന് കണ്ട് ശാന്തനായി. അനുസരണയുള്ളവനായതോടെ, ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് പുറത്തിറക്കാന്‍ തീരുമാനമായത്.