വെള്ളിയാഴ്ച രാത്രി 9.30 ന് കെ.എന്‍.ജി റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കാട് കയറ്റിയത്.
നിലമ്പൂര്‍: കാട്ടാനകള്‍ (Wild Elephant) നിലമ്പൂര്‍ (Nilambur) ടൗണ്‍ കേന്ദ്രങ്ങളിലിറങ്ങുന്നത് പതിവായതോടെ ജനം ഭീതിയില്‍. വെള്ളിയാഴ്ച രാത്രി 9.30 ന് കെ.എന്‍.ജി റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കാട് (Forest) കയറ്റിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് 4ാം തവണയാണ് ഒറ്റയാന്‍ നാട് കീഴടക്കുന്നത്.
കഴിഞ്ഞ ദിവസം പ്രശസ്ത പിന്നണി ഗായകന്‍ കൃഷ്ണചന്ദ്രന്റെ നിലമ്പൂര്‍ കോവിലകം കൊട്ടാരവളപ്പില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വന്‍ തോതില്‍ കൃഷി നാശം വരുത്തിയിരുന്നു. ബൈക്ക് യാത്രക്കാരനാണ് റോഡില്‍ കാട്ടാനകളെ ആദ്യംകണ്ടത്. തുടര്‍ന്ന് ഇയാള്‍ മറ്റു യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി റോഡില്‍ തമ്പടിച്ചത് രക്ഷയായി. പിന്നീട് വനം വകുപ്പ്, ആര്‍.ആര്‍.ടി വിഭാഗത്തിലെ ജീവനക്കാരും, രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരും, പൊലീസും ചേര്‍ന്ന് വടപുറം താളിപൊയില്‍ ഭാഗത്തുകൂടി കാട്ടാനകളെ കാട്ടിലേക്ക് തിരിച്ചയച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയായി ടൗണില്‍ കാട്ടാന ശല്യം രൂക്ഷമാണ്. നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ ഉള്‍പ്പെടെ വനപാലകര്‍ രാത്രിയില്‍ പട്രോളിംഗ് നടത്തുന്നതായി പൊലീസ് അറിയിച്ചു. പന്തിരായിരം വന മേഖലയില്‍ നിന്ന് കുറുവന്‍ പുഴ കടന്ന് മൂവായിരം വനമേഖലയിലേക്ക് 25 ഓളം ആനകള്‍ കടന്നിട്ടുണ്ട് .ഇവയാണ് നാട്ടിലിറങ്ങി ഭീതി വിതക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ആര്‍.ആര്‍.ടി, സെക്ഷന്‍ ഫോറസ്റ്റര്‍ അബ്ദുള്‍ നാസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ റിയാസ്, സുനില്‍, വാച്ചര്‍ നിസാര്‍, പൊലീസുകാര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്
പ്രതിരോധനത്തിനൊരുങ്ങി വനം വകുപ്പ്
നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. 41 അംഗങ്ങളുള്ള ദ്രുത പ്രതികരണ സേനക്കാണ് വനം വകുപ്പ് രൂപം നല്‍കിയത്. 7 ആര്‍.ആര്‍.ടി അംഗങ്ങള്‍, വനംവകുപ്പ് ജീവനക്കാര്‍, സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍, എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങള്‍, എന്നിവര്‍ ഉള്‍പ്പെടുന്നതാണ് 41 അംഗ സംഘം.
വനമേഖലയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ സംഘം നീരിക്ഷണം ആരംഭിച്ചു. ഡ്രോണ്‍ അടക്കമുളള സംവിധാനങ്ങളുടെ സഹായത്തോടെ കാട്ടാനകളെ കണ്ടെത്തും. പിന്നീട് തുരത്തി ഉള്‍കാടുകളിലേക്ക് തന്നെ അയക്കും. തോക്ക് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും തിരിച്ചില്‍ സംഘം കരുതിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ നിലമ്പൂര്‍ ടൗണിലേക്ക് വരെ കാട്ടാനകള്‍ എത്തിയ സാഹചര്യത്തിലാണ് വനംവകുപ്പ് നടപടി. കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
