പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ചു. രാജാമ്പാറ ഫോറസ്റ്റ് ബീറ്റ് ഓഫീസർ എ എസ് ബിജു (36) ആണ് മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

റാന്നി അത്തിക്കയം മടന്തമണ്ണിലാണ് സംഭവം. ബുധനാഴ്ച രാവിലെ റാന്നി കട്ടിക്കൽ റബർതോട്ടത്തിൽ ഇറങ്ങിയ ആനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. ഇതോടെയാണ് ആന ഇറങ്ങിയ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആനയെ തിരക്കി പോയപ്പോഴായിരുന്നു ആക്രമണം.

വാച്ചർ വെടിവച്ചു പേടിപ്പിച്ചതിനെ തുടര്‍ന്ന് ഓടിയ കാട്ടാന പിന്നീട് തിരിച്ചെത്തി വാച്ചറെ കുത്തുകയായിരുന്നു. ബിജു തൽക്ഷണം മരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.