ആനത്തോട് ഡാമിനും ഐ സി ടണലിനും മധ്യേയുള്ള ഭാഗത്താണ് ഇന്നലെ കാട്ടാനകൾ ഇറങ്ങിയത്. ഏറെ സമയത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് എത്തിയതോടെ ആനകൾ  വഴിമാറുകയായിരുന്നു

ഗവി: വൈദ്യുതി ബോർഡ് വാഹനം തടഞ്ഞ് കാട്ടാനകൾ. പത്തനംതിട്ട- ഗവി പാതയിൽ ഇറങ്ങിയ മൂന്നു കാട്ടാനകളാണ് കെഎസ്ഇബി വാഹനം കടന്ന് പോകാന്‍ ആവാത്ത രീതിയില്‍ റോഡില്‍ നിന്നത്. ഒന്നരമണിക്കൂറോളം സമയമാണ് കെഎസ്ഇബി വകുപ്പ് ഉദ്യോഗസ്ഥരുടെ യാത്ര തടസ്സപ്പെട്ടത്. ആനത്തോട് ഡാമിനും ഐ സി ടണലിനും മധ്യേയുള്ള ഭാഗത്താണ് ഇന്നലെ കാട്ടാനകൾ ഇറങ്ങിയത്. ഏറെ സമയത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് എത്തിയതോടെ ആനകൾ വഴിമാറുകയായിരുന്നുവെന്ന് കെഎസ്ഇബി ജീവനക്കാർ പറയുന്നു. അസിസ്റ്റന്‍റ് എന്‍ജിനിയര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് കാട്ടാന തടഞ്ഞത്.

അതേസമയം പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച പി ടി സെവനെന്ന കാട്ടാനയെ പിടികൂടാനായി ദൗത്യസംഘത്തിൻ്റെ തയ്യാറെടുപ്പുകൾ തുടങ്ങി. പിടി സെവൻറെ സഞ്ചാരപാത ആവർത്തിച്ച് നിരീക്ഷിച്ചാകും തുടർ പദ്ധതികൾ ആവിഷ്കരിക്കുക. കൂടുണ്ടാക്കുനുള്ള ഒരുക്കങ്ങളും ഇന്ന് തുടങ്ങും. വയനാട്ടിൽ നിന്നുമെത്തിച്ച കുങ്കിയാനകൾ വിക്രമും ഭരതും യാത്രക്ഷീണം മാറി ദൗത്യത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. 

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രിയങ്കരനായിരുന്ന പടയപ്പ അടുത്തിടെ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് തുടങ്ങിയത് മേഖലയില്‍ ആശങ്കയ്ക്ക് കാരണമായിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി കുറ്റിയാര്‍വാലിക്ക് സമീപത്ത് വച്ച് വാഹന യാത്രക്കാര്‍ക്ക് നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു. വാഹനങ്ങളിലെത്തിയവര്‍ പ്രകോപിച്ചതിനെ തുടര്‍ന്ന് പടയപ്പ അക്രമാസക്തനാവുകയും ചെയ്തിരുന്നു. 

വനത്തിലൂടെ യാത്ര ചെയ്യുന്നവര്‍ വലിയ രീതിയില്‍ ഹോണ്‍ മുഴക്കരുതെന്നും ഹെഡ് ലൈറ്റുകള്‍ ബ്രൈറ്റാക്കി മൃഗങ്ങള്‍ക്ക് നേരെ ഉപയോഗിക്കരുതെന്നും വനം വകുപ്പിന്‍റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ആളുകള്‍ കാട്ടാനകളെ കാണുമ്പോള്‍ ഹോണ്‍ മുഴക്കിയും വാഹനം ഇരുപ്പിച്ചും മൃഗങ്ങളെ ശല്യം ചെയ്യുന്നത്.