റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി ശേഖരിച്ച കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി.

മാനന്തവാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി ശേഖരിച്ച കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍ റിന്റോ (32) എന്നിവരാണ് മലമാനിന്റെ ഇറച്ചിയുമായി വനപാലകരുടെ പിടിയിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് വേട്ട സംഘം പിടിയിലായത്. 30 കിലോ ഇറച്ചി, നാടന്‍ തോക്ക്, സംഘം യാത്രക്ക് ഉപയോഗിച്ച മാരുതി കാര്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

റിസോര്‍ട്ട് കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയും ഇറച്ചി വില്‍പ്പന നടത്തുകയും ചെയ്യുന്ന പ്രതികകളാണിവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും പേര്യ റെയ്ഞ്ച് ഓഫീസര്‍ എം.പി.സജീവ് അറിയിച്ചു. വനപാലകരായ എ. അനീഷ്, സി. അരുണ്‍, എസ്. ശരത്ചന്ദ്, കെ.വി. ആനന്ദന്‍, വി. സുനില്‍കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Read more: പേരക്കുട്ടിക്കൊപ്പം കളിക്കാന്‍ വന്ന 10 വയസുകാരിയോട് കൊടും ക്രൂരത; പീഡനക്കേസില്‍ 75കാരന് കടുത്ത ശിക്ഷ

മകള്‍ 'പ്രിയ'പ്പെട്ടവള്‍, അവള്‍ക്കൊപ്പം ചേര്‍ത്ത് പിടിക്കാന്‍ ഒരുപാട് പേര്‍; 'പ്രിയ ഹോം' ഇനി കരുതലാകും

കൊല്ലം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ആരംഭിച്ച 'പ്രിയ ഹോം' പുനരധിവാസകേന്ദ്രം നാടിന് സമർപ്പിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയില്‍ നിര്‍മ്മിച്ച 'പ്രിയ ഹോം' ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്കയ്ക്കുള്ള പരിഹാരമാണ് പ്രിയ ഹോം പോലുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. മാനസിക - ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഒരു ചെറിയ കാൽവയ്‌പ്പ് മാത്രമാണ് ഇത്.

ഭിന്നശേഷിയുള്ള ഒട്ടേറെ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി നിൽക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ബാധ്യതയാണെന്നും പലതരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ കേന്ദ്രം തയ്യാറാക്കാനാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായ ചടങ്ങിൽ എഡിഎം ആർ ബീനാകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.

Read more:ഫിംഗര്‍ ജെട്ടിയും ലോക്കര്‍ റൂം സൗകര്യവും യാഥാര്‍ത്ഥ്യം; പുതിയാപ്പ ഹാര്‍ബറിന് സ്വപ്ന സാക്ഷാത്കാരം

പ്രാരംഭഘട്ടത്തിൽ 15 വനിതകളുടെ സംരക്ഷണവുമായാണ് പ്രിയ ഹോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ സാമൂഹ്യനീതി വകുപ്പിന് വിട്ടുനൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. കമലാസനൻ - സരോജിനി ദമ്പതിമാരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർത്ഥം കൂടിയാണ്‌ ഇവർ സ്ഥലവും കെട്ടിടവും സർക്കാരിന് കൈമാറിയത്.