ഏകദേശം മുപ്പത് വർഷത്തെ മദ്യപാന ജീവിതത്തിൽ നിന്ന് സംഗീതത്തിന്റെ വഴിയിലൂടെ ജീവിതം തിരിച്ചുപിടിക്കുകയാണ് തൃശൂർ സ്വദേശിയായ വിൽസൺ. പഞ്ചായത്ത് ഓഫീസിൽ പാടിയ ഒരു പാട്ട് വൈറലായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്.  

തൃശൂർ: മൂന്ന് പതിറ്റാണ്ടോളം മദ്യലഹരിയിൽ മുങ്ങിപ്പോയ ജീവിതത്തെ സംഗീതം കൊണ്ട് തിരിച്ചുപിടിക്കുകയാണ് തൃശൂർ കല്ലൂർ സ്വദേശിയായ പറമ്പൻ വീട്ടിൽ വിൽസൺ (58). ചാലക്കുടിയിലെ ഡി-അഡിക്ഷൻ സെന്ററിലെ ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങിയ വിൽസൺ, ഇനി തന്റെ ലഹരി സംഗീതം മാത്രമാണെന്ന് ഉറപ്പിച്ചു പറയുന്നു. ഒരു യാദൃശ്ചിക സംഭവം എങ്ങനെ ഒരു മനുഷ്യന്റെ ജീവിതം മാറ്റിമറിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് വിൽസന്റെ ഈ മാറ്റം.

മദ്യം വാങ്ങാൻ പണമില്ലാതെ തൃക്കൂർ പഞ്ചായത്ത് ഓഫീസിൽ നൂറ് രൂപ ചോദിച്ചെത്തിയതായിരുന്നു വിൽസൺ. എന്നാൽ പണം നൽകണമെങ്കിൽ ഒരു പാട്ട് പാടണമെന്ന ഉദ്യോഗസ്ഥരുടെ നിബന്ധനയാണ് വിൽസനെ മാറ്റത്തിന്റെ വഴിയിലെത്തിച്ചത്. പഞ്ചായത്ത് ഓഫീസിലിരുന്ന് വിൽസൺ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോടെ അദ്ദേഹം നാടിന്റെ പ്രിയപ്പെട്ട ഗായകനായി മാറി. നാട്ടുകാരനും സുഹൃത്തുമായ എക്സൈസ് ഇൻസ്പെക്ടറുമായ കെ.കെ. രാജുവിന്റെ സഹായത്തോടെയാണ് ചാലക്കുടിയിലെ വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയത്.

മാതാപിതാക്കളായ തോമസിനും കൊച്ചുത്രേസ്യക്കും പാടാനുള്ള കഴിവ് വിൽസനും ഏഴ് സഹോദരങ്ങൾക്കും ലഭിച്ചിട്ടുണ്ട്. യേശുദാസിന്റെയും ജയചന്ദ്രന്റെയും മെലഡി ഗാനങ്ങളോടാണ് വിൽസന് ഏറെ പ്രിയം. പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിനെ നേരിട്ട് കാണണമെന്നും സിനിമയിൽ ഒരു പാട്ടെങ്കിലും പാടണമെന്നുമാണ് ഈ ഓട്ടുകമ്പനി തൊഴിലാളിയുടെ ഇപ്പോഴത്തെ ആഗ്രഹം. മുൻപ് പലതവണ മദ്യപാനം നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ സംഗീതത്തിന്റെ കരുത്തിൽ താൻ പൂർണ്ണമായും മാറി എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. വിൽസൺ മദ്യപാനം നിർത്തിയതോടെ ഭാര്യ രജിതയും രണ്ട് മക്കളും വലിയ സന്തോഷത്തിലാണ്. ഇപ്പോൾ വിൽസണ് ലഭിക്കുന്ന വേദികളിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത് മക്കളാണ്. ദിവസവും മൂന്ന് മണിക്കൂറോളം പാട്ടിനായി മാത്രം അദ്ദേഹം ഇപ്പോൾ മാറ്റിവെക്കുന്നു.