ഇടുക്കി: മൂന്നാറിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നതിന് ഡി.റ്റി.പി.സിയുടെ നേതൃത്വത്തിൽ വിന്റര്‍ കാര്‍ണിവല്‍ നടത്തുന്നു. ഡിസംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുന്ന കാര്‍ണിവല്‍ ജനുവരി ഒന്നിന് സമാപിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ണിവലിനോട് അനുബന്ധിച്ച്  പുഷ്പമേളയും വൈകുന്നേരങ്ങളില്‍ വിവിധ കലാസാംസ്‌ക്കാരിക പരിപാടികളും നടക്കും. വിവിധ വിനോദ ഉപാധികള്‍, ഭക്ഷണശാലകള്‍, വിവിധ വില്‍പന ശാലകള്‍, എന്നിവയും ഉണ്ടായിരിക്കും. 

വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പുഷ്പ പ്രദര്‍ശനക്കാരുടെ പൂക്കള്‍ കാര്‍ണിവലില്‍ പ്രദര്‍ശിപ്പിക്കും. ഇത്തരം പ്രദര്‍ശനങ്ങള്‍ മത്സരാധിഷ്ടിതമായിരിക്കും. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നുകിടക്കുന്ന ടൂറിസം മേഘലയെ കരയറ്റുന്നതിനാണ് ഡി.റ്റി.പി.സിയുടെ നേതൃത്വത്തിൽ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ടൂറിസം വകുപ്പ് പുതിയതായി ആരംഭിച്ച ബോട്ടാനിക്ക ഗാര്‍ഡനായിരിക്കും കാര്‍ണിവല്‍ നടത്തപ്പെടുക. 

ഇതിന്റെ ഭാഗമായി ദേവികുളം എം.എല്‍.എ. എസ്. രാജേന്ദ്രന്റെ നേത്യത്വത്തില്‍ ആലോചനയോഗം കൂടി. ദേവികുളം സബ്ബ് കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍, ഡി.റ്റി.പി.സി.സെക്രട്ടറി ജയന്‍.പി.വിജയന്‍, തഹസീല്‍ദാര്‍ ജിജി.എം.കുന്നപ്പിള്ളി, ഡിവൈ.എസ്.പി.എം.രമേഷ് കുമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റിസോര്‍ട്ട് പ്രതിനിധികള്‍, വ്യാപാരികള്‍ എന്നിവര്‍ പങ്കെടുത്തു.