Asianet News MalayalamAsianet News Malayalam

ആറു ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം പേർ; ഡിസംബറിന്‍റെ കുളിര് തേടി ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് ഇത്തവണ സഞ്ചാരികൾ കൂടുതലെത്തുന്നത്.

with in one week more than one lakh and half tourists visited idukki SSM
Author
First Published Dec 29, 2023, 9:37 AM IST

ഇടുക്കി: ക്രിസ്മസ് - ന്യൂ ഇയര്‍ അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ആറു ദിവസം കൊണ്ട് ഒന്നര ലക്ഷത്തിലധികം പേരാണ് ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് ഇത്തവണ സഞ്ചാരികൾ കൂടുതലെത്തുന്നത്.

ക്രിസ്മസ് പുതുവത്സര സമയത്തെ കുളിര് തേടിയാണ് ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നത്. ദിവസേന പതിനായിരത്തിലധികം പേരാണ് വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. വാഗമൺ, തേക്കടി, മൂന്നാർ, ഇടുക്കി, രാമക്കൽമേട് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ഡിടിപിസിയുടെ കീഴിലുള്ള ഒൻപത് കേന്ദ്രങ്ങളിൽ മാത്രം ആറു ദിവസം കൊണ്ടെത്തിയത് ഒന്നേകാൽ ലക്ഷത്തിലധികം പേരാണ്. തേക്കടിയിലിത് പതിനായിരം കടന്നു. ഇരവികുളത്ത് പന്ത്രണ്ടായിരത്തിലധികം. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പാഞ്ചാലിമേട്, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. 

വാഗമണ്ണിലെ പൈൻ കാടും മൊട്ടക്കുന്നുമൊക്കെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. പ്രകൃതി സൗന്ദര്യത്തിനൊപ്പം ഇവിടുത്തെ സാഹസിക വിനോദ ഉപാധികളും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. അഞ്ചു ദിവസം കൊണ്ട് 69,000 പേരാണ് വാഗമൺ കണ്ട് മടങ്ങിയത്. ഗ്ലാസ് പാലം കാണാനും സഞ്ചാരികളുടെ ഒഴുക്കാണ്. പുതുവത്സരം ആഘോഷിക്കാൻ ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ള മുറികളൊക്കെ ജനുവരി ആദ്യ വാരം വരെ ആളുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.

കണ്ണിന് കുളിരേകാന്‍ വസന്തോത്സവം

പുതുവത്സരം ആഘോഷിക്കാൻ വാഗമണിലെത്തുന്ന സഞ്ചാരികൾക്ക് ഇത്തവണ പുഷ്പ മേളയും ആസ്വദിക്കാം. കേരളാ വനം വികസന കോർപ്പറേഷനാണ് വാഗമൺ ഹിൽസ് ഗാ‍ഡൻ പരിസ്ഥിതി സൗഹൃദ പുഷ്പ മേള സംഘടിപ്പിച്ചിരിക്കുന്നത്.

സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ് വാഗമണിലെ ഈ പുഷ്പമേള. കെഎഫ്ഡിസിയുടെ കൈവശമുള്ള സ്ഥലത്തെ പ്രകൃതി സൗന്ദര്യം അതേപടി നിലനിർത്തിയാണ് പൂച്ചെടികൾ ക്രമീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് ഇനങ്ങളിലുള്ള ചെടികൾ ഇതിലുണ്ട്. വിവിധ തരത്തലുള്ള കള്ളിമുൾച്ചെടികൾ, വള്ളിച്ചെടികൾ, ഓർക്കിഡ്, ആന്തൂറിയം, ജലസസ്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടെ ചെണ്ടുമല്ലിയും റോസും വിരിഞ്ഞു നിൽക്കുന്ന പാടവും.

ജനുവരി 7 വരെ രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടര വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. പുഷ്പമേള വിജയിച്ചാൽ വേനലവധിക്കാലത്ത് കൂടുതൽ പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് കെഎഫ്ഡിസി. 

Latest Videos
Follow Us:
Download App:
  • android
  • ios