വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്
മുംബൈ: മലയാളിയായ വനിതാ അഗ്നിവീർ മുംബൈയിൽ ആത്മഹത്യ ചെയ്തു. പത്തനംതിട്ട അടൂർ സ്വദേശി അപർണ വി നായരാണ് ജീവനൊടുക്കിയത്. നാവികകേന്ദ്രമായ ഐ എൻ എസ് ഹംലയിലെ ഹോസ്റ്റൽ മുറിയിൽ അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്.
അഗ്‌നിവീർ പരിശീലനത്തിനായി അപര്‍ണ നായര്‍ മുംബൈയിൽ എത്തിയത് 20 ദിവസം മുൻപ് നവംബർ എട്ടിനാണ്. 20 വയസ് മാത്രമായിരുന്നു അപര്‍ണയുടെ പ്രായം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ജൂൺ 7 നാണ് സേനയിൽ അപര്‍ണ സേനയിൽ അഗ്നിവീറായി ജോലിക്ക് ചേര്‍ന്നത്. മൃതദേഹത്തിൽ കൈ ഞരമ്പിന്റെ ഭാഗത്ത് മുറിവുണ്ടായിരുന്നെന്നും ആഴത്തിലുള്ളതായിരുന്നില്ലെന്നും വിവരമുണ്ട്. അപര്‍ണയുടെ ഫോൺ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
