ആലപ്പുഴ: നിര്‍ധന കുടുംബത്തിലെ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. ചെന്നിത്തല പഞ്ചായത്ത് 11ാം വാര്‍ഡില്‍ കാരാഴ്മ മൂലയില്‍ സതീശന്റെയും ശോഭനയുടെയും മകള്‍ സൗമ്യ (31) ആണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്. സൗമ്യയ്ക്ക് ജീവന്‍ നിലനിര്‍ത്താന്‍ നിരവധി ആശുപത്രികളില്‍ ചികിത്സതേടി പണം ചെലവഴിച്ചെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ ജനുവരിയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഭക്ഷണത്തോടെ താല്പര്യമില്ലാതെയും അടിക്കടിയുള്ള ഛര്‍ദ്ദിയും കൂടാതെ വയര്‍ വീര്‍ക്കുന്നതിനോടൊപ്പം കാലിനും മുഖത്തും നീര് വ്യാപിച്ചു തുടങ്ങി. ആദ്യം ചെന്നിത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് ചികിത്സതേടിയത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധയില്‍ തുടര്‍ ചികിത്സയ്ക്കായി മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ്, സഞ്ജീവിനി, അമൃത, ഏറ്റുമാനൂര്‍ കാരിത്താസ് എന്നീ ആശുപത്രികളില്‍ ചികിത്സ തേടി. 

അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വയറിന് ശസ്ത്രക്രിയ നടത്തി 32 ലിറ്റര്‍ വെള്ളമാണെടുത്ത്. ഇപ്പോള്‍ അതിയായ ശ്വാസതടസമാണുള്ളത്. രണ്ടാഴ്ചയിലിരിക്കെ കണ്ടിയൂരിലെ ശ്രീകണ്ഠപുരം ആശുപത്രിയിലെത്തി വയറ്റില്‍ നിന്നും വെള്ളം എടുത്തുകളയും. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് അജിയുടെ (36) വരുമാനത്തിലാണ് കുടുംബം പോറ്റുന്നതിനോടൊപ്പം ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. 

നാലരവയസുള്ള കൃഷ്ണപ്രിയയും രണ്ടര വയസുള്ള കൃഷ്ണവേണിയും മക്കളാണ്. കൃഷ്ണവേണിക്കും ശ്വാസതടസവും വയര്‍ വീര്‍പ്പും അനുഭവപ്പെടുന്നുണ്ട്. മക്കളുടെ ചികിത്സയ്ക്കായി സഹായം തേടുന്ന കുടുംബം വീട് ജപ്തി ഭീഷണിയിലാണിപ്പോള്‍. പഞ്ചായത്ത് പ്രസിഡന്റ് ഇ എന്‍ നാരായണന്‍ ചെയര്‍മാനായും കെ കലാധരന്‍ കണ്‍വീനറുമായുള്ള ചികിത്സാ സഹായനിധി രൂപീകരിച്ചു. വിജയ ബാങ്കില്‍ എസ് ശോഭനയുടെ പേരില്‍ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ - 2114010 11000087
ഐ എഫ് എസ് സി കോഡ് - VIJB0002114