അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറൽ ഡാൻസാഫ് സംഘം വീട് വളഞ്ഞ് പിടികൂടിയത്.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അഞ്ച് കിലോ ക‌ഞ്ചാവുമായി യുവതി പൊലീസ് പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറൽ ഡാൻസാഫ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. യുവതിയുടെ ആൺ സുഹൃത്ത് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ കോയമ്പത്തൂർ ജയിലിലാണ്.

അയിരൂർ കൊച്ചുപാരിപ്പള്ളിമുക്കിൽ 1 വർഷമായി വാടകയ്ക്ക് താമസിച്ചാണ് ചി‌ഞ്ചു ക‌ഞ്ചാവ് ഇടപാടുകൾ നടത്തുന്നത്. റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെ പൊലീസ് വീട് വളയുകയായിരുന്നു. പരിശോധനയിൽ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പൊലീസ് കണ്ടെടുത്തു. കിടപ്പുമുറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‌ഞ്ചാവ്. ഇവരുടെ സുഹൃത്ത് രാജേഷ് 26 കിലോ ക‌ഞ്ചാവ് കടത്തിയതിന് തമിഴ്നാട് പിടികൂടി ജയിലിലാണ്. ആദ്യ വിവാഹം വേർപെടുത്തിയാണ് രാജേഷിനൊപ്പം യുവതി താമതിക്കുന്നത്.

പൊലീസ് കഞ്ചാവ് ശേഖരം കണ്ടെടുക്കുന്ന സമയത്ത് വീട്ടിൽ പ്രതിയുടെ സഹോദരിയായ പഞ്ചായത്ത് അംഗവും ഉണ്ടായിരുന്നു. എന്നാൽ പൊലീസ് കേസില്‍ ഇവരെ പ്രതി ചേർത്തിട്ടില്ല. തുടർന്നുള്ള അന്വേഷണത്തിൽ സഹോദരിക്കും ലഹരിയിടുകളിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.