ആലപ്പുഴ: മാവേലിക്കരയില്‍ വാടക വീട്ടില്‍ നിന്നും കഞ്ചാവും വാറ്റുചാരായവുമായി യുവതി പിടിയില്‍. ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 

1800 പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കായംകുളം ചേരാവള്ളി സ്വദേശി നിമ്മി(32)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നാർക്കോട്ടിക് സെൽ ഡിവൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്. 

പുതുവത്സര ദിനാഘോഷങ്ങൾ ലക്ഷ്യമിട്ടാണ് വീട്ടിൽ വൻതോതിൽ ലഹരിമരുന്ന് സംഭരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാവേലിക്കര സ്വദേശി ലിജു ഉമ്മനാണ് നിമ്മിയുടെ പേരിൽ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.