ഷെഡ് പുനര്‍നിര്‍മ്മിയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍, ജീവിതം അവസാനിപ്പിയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഓമന പറയുന്നത്
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ (Wild Elephant Attack) തകര്‍ന്ന വീട് പുനര്‍നിര്‍മ്മിയ്ക്കാന്‍ (Rebuild) വനം വകുപ്പ് (Forest Department) അനുവദിയ്ക്കുന്നില്ലെന്ന് പരാതി. ഇടുക്കി ചിന്നക്കനാല്‍ 301 കോളനി നിവാസിയായ ഓമനയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വനം വകുപ്പിന്റെ തടസവാദങ്ങള്‍ തുടര്‍ന്നാല്‍ ജീവനൊടുക്കുമെന്നും ഓമന പറഞ്ഞു. ഒരുമാസം മുന്‍പാണ് 301 ആദിവാസി കോളനിയിലെ താമസക്കാരിയായ ഓമനയുടെ വീട്, കാട്ടാന തകര്‍ത്തത്.
അധികൃതര്‍ തിരിഞ്ഞ് നോക്കാതിരുന്നതോടെ, ഷെഡ് പുനര്‍ നിര്‍മ്മിച്ച് നല്‍കാന്‍ സഹായവുമായി നിരവധിയാളുകള്‍ എത്തി. എന്നാല്‍ ഷെഡ് പുനര്‍നിര്‍മ്മിയ്ക്കാന്‍ തുടങ്ങിയതോടെ വനം വകുപ്പ് തടസവുമായി എത്തി. സ്ഥലം വന ഭൂമിയാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് വീട്ടു നമ്പരും വൈദ്യുതി കണക്ഷനുമുള്ള വീട് പുനര്‍ നിര്‍മ്മിയ്ക്കുന്നതിനാണ് വനം വകുപ്പ് തടസം നില്‍ക്കുന്നത്.
2003ലാണ് 301 കോളനിയില്‍ ആദിവാസികളെ കുടിയിരുത്തിയത്. മലയരയ വിഭാഗത്തില്‍പെട്ട ഓമനയ്ക്ക് അന്ന് ഭൂമി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഇവിടെ കുടിയേറുകയും, ഹൈക്കോടതിയെ സമീപിയ്ക്കുകയും ചെയ്തു. പുനരധിവസിപ്പിയ്ക്കുന്നതുവരെ ഓമനയേയും കുടുംബത്തേയും കുടിയിറക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും, ഉത്തരവ് നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ഇവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതിനിടെയാണ് വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണി. ഷെഡ് പുനര്‍നിര്‍മ്മിയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍, ജീവിതം അവസാനിപ്പിയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഓമന പറയുന്നത്
