കാർ കൊച്ചി മെട്രോ പില്ലറിൽ ഇടിച്ചുകയറി, യുവതി കൊല്ലപ്പെട്ടു; സുഹൃത്തിന് നിസാര പരിക്ക്
അപകടത്തിൽ പെട്ട കാറിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വാർത്ത പോലീസ് നിഷേധിച്ചു

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചു കയറി യുവതി മരിച്ചു. എടത്തല കൊട്ടാരപ്പിള്ളി വീട്ടിൽ കെഎം മൻസിയയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.50 ഓടെയാണ് അപകടം. കാർ ഓടിച്ച സുഹൃത്ത് പാലക്കാട് സ്വദേശി കാരമ്പാറ്റ സൽമാന് അപകടത്തിൽ നിസ്സാര പരുക്കേറ്റു. കാറിന് കുറുകെ ഒരാൾ ചാടിയതാണ് അപകടത്തിന് കാരണമായതെന്നാണ് ഡ്രൈവർ പോലീസിനെ അറിയിച്ചത്.
അപകടത്തിൽ പെട്ട കാറിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വാർത്ത പോലീസ് നിഷേധിച്ചു. അപകടത്തിൽ പെട്ട മൻസിയയെ ആശുപത്രിയിലെത്തിക്കുമ്പോൾ വരാപ്പുഴ സ്വദേശിയായ യുവാവും കൂടെ ഉണ്ടായിരുന്നതായും മദ്യ ലഹരിയിലായിരുന്ന ഇയാൾ ബോധമില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങി നടന്നുപോയതായും പോലീസ് പറയുന്നു. ആശുപത്രിക്ക് സമീപത്തെ റോഡിൽ കിടക്കുന്ന നിലയിൽ രാവിലെ യുവാവിനെ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സുഹൃത്തിന്റെ പിറന്നാൾ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു അപകടത്തിൽപെട്ട സംഘം.